ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന് സാമാന്യ ബോധം ഉപയോഗിച്ച് പൊലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതി. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അവസാനിപ്പിക്കാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ ഈ ഡയലോഗിനോട് യോജിക്കുന്നില്ല എങ്കിലും, പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അവസാനിപ്പിക്കാവുന്നതാണെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിപ്പിച്ച് കെ.എസ്.ഇ.ബിക്ക് 63 രൂപ നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. ശാസനയിൽ ഒതുക്കേണ്ട ഇത്തരം ചെറിയ കേസുകൾക്ക് പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതികൾക്ക് ബാധ്യത ഉണ്ടാക്കുന്നുണ്ട്.
കോടതിയുടെ വിലപ്പെട്ട സമയമാണ് ഇത്തരം കേസുകൾ കാരണം നഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് പൊലീസിന് സാമാന്യബോധം വേണമെന്ന് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന് നിയമപരിജ്ഞാനം ഉണ്ട് എന്നത് എല്ലാ സാഹചര്യത്തിലും മതിയാവില്ല. ഇക്കാര്യത്തിൽ പൊലീസുദ്യോഗസ്ഥർക്ക് ക്ലാസുകൾ നൽകേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് തൃശൂർ സ്വദേശിക്കെതിരെ അഡീഷണൽ സെഷൻസ് കോടതിയിലെ കേസിന്മേലുള്ള നടപടികളും ഹൈക്കോടതി റദ്ദാക്കി.
Tags:
KERALA