സ്പെയിൻകാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്നു പാബ്ലോ പിക്കാസോ (Pablo Picasso)
(ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973).
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാളായി അദ്ദേഹം ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പൂർണ്ണ നാമം *പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ എന്നായിരുന്നു.
ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു പിക്കാസോ.
വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയാണ് ക്യൂബിസം.
പിക്കാസോ 13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും പുസ്തകങ്ങൾക്കായി ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.
*ഗർണിക* പികാസോയുടെ ശ്രേഷ്ഠ സൃഷ്ടികളിൽ ഒന്നായി ഗണിക്കപ്പെടുന്നു.
പാരീസിലെ പ്രശസ്തമായ ലൂവ്ര് കാഴ്ചബംഗ്ലാവിൽ തന്റെ ചിത്ര പ്രദർശനം നടത്തുമ്പോൾ 90 വയസ്സായിരുന്നു പിക്കാസോയുടെ പ്രായം.
ജീവിച്ചിരിക്കവേ ലൂവ്രിൽ ചിത്ര പ്രദർശനം നടത്തിയ ആദ്യത്തെ കലാകാരനായിരുന്നു പിക്കാസോ.
പിക്കാസോയ്ക്ക് മൂന്നു സ്ത്രീകളിൽ നിന്നായി നാലു കുട്ടികൾ ഉണ്ടായിരുന്നു. ചിത്രകാരിയും കലാനിരൂപകയും പികാസോയുടെ പ്രണയിനിയും പ്രചോദനവുമായിരുന്ന ഫ്രാൻസ്വാ ഗിലൊ, *ലൈഫ് വിത്ത് പിക്കാസോ* എന്ന ആത്മകഥ എഴുതിയിട്ടുണ്ട്.
പിക്കാസോയുടെ മിക്ക ചിത്രങ്ങളും ലോകത്തിലെ വിലമതിക്കാനാവാത്ത ചിത്രങ്ങളാണ്. *ഗാർസോൺ എ ലാ പൈപ്പ്* (ബാലനും പൈപ്പും) എന്ന ചിത്രം 2004 മെയ് 4-ന് സോത്ത്ബേ സംഘടിപ്പിച്ച ലേലത്തിൽ യു.എസ് ഡോളർ 104 മില്ല്യണിനാണ് വിറ്റുപോയത്. ഇത് വിലയിലെ ഒരു പുതിയ റെക്കോർഡായിരുന്നു.
സൊത്ത്ബേയിൽ വച്ച് തന്നെ *ദോറാ മാർ ഓ ചാറ്റ്* എന്ന ചിത്രം 2006 മെയ് -ന് യു.എസ് ഡോളർ 95.2 മില്ല്യണിന് വിറ്റുപോയി.
2010 മെയ് 4-നാണ് *നൂഡ് , ഗ്രീൻ ലീവ്സ് ആന്റ് ബസ്റ്റ്* എന്ന ചിത്രം ക്രിസ്റ്റീസിൽ വച്ച് 106.5 മില്ല്യൺ ഡോളറിന് വിറ്റുപോയത്. പിക്കാസോയുടെ ദീർഘകാല കൂട്ടുകാരിയായിരുന്ന മരിയ തെരേസ വാൾട്ടർ ഉൾപ്പെടുന്ന ഈ ചിത്രം ലോസ് ആഞ്ചലെസ്സിലെ ലാസ്ക്കർ ബ്രോഡി എന്ന ഫ്രഞ്ചുകാരനും പരോപകാരതത്പരനുമായ സ്വകാര്യവ്യക്തിയുടെ കൈവശത്തിലായിരുന്നു. 2009-ൽ ബ്രോഡി നിര്യാതനായശേഷമാണ് ചിത്രം വിപണിയിലെത്തിയത്.
2015 മെയ് 11-ന് *വുമൺ ഓഫ് ആൽജിയേർസ്* എന്ന ചിത്രം ന്യൂയോർക്കിലെ ക്രിസ്റ്റീയിൽ വച്ച് യു.എസ് ഡോളർ *179.3 മില്ല്യണിന്* വിൽക്കപ്പെട്ടു, ലോകത്തെ ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റുപോയ ചിത്രമെന്ന പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടു.
ആർട്ട് മാർക്കെറ്റ് ട്രെൻഡ്സ് റിപ്പോർട്ടുകൾ അനുസരിച്ച്, 2004 ൽ പിക്കാസോയാണ് ഏറ്റവും അമൂല്യനായ കലാകാരനായി മാറുന്നത് (ചിത്രങ്ങൾ ഉയർന്ന വിലയ്ക്ക് വിറ്റുപോയതിന്റെ അടിസ്ഥാനത്തിലാണത്). കൂടാതെ മറ്റുപല കലാകാരന്മാരിൽ നിന്ന് അപേക്ഷിച്ച് പിക്കാസോയുടെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ മോഷണത്തിന് വിധേയമായവ; ആർട്ട് ലോസ് റജിസ്റ്റർ പിക്കാസോയുടെ 1147 ചിത്രങ്ങൾ കാണിക്കുന്നു.
പിക്കാസോയുടെ സ്വകാര്യസ്വത്തുക്കളുടെ നടത്തിപ്പ് ചുമതല പികാസോ അഡ്മിനിസ്റ്റ്രഷൻ എന്ന സംഘടനക്കാണ്. യു.എസ്സിൽ പകർപ്പവകാശ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ആർട്ടിസ്റ്റ് റൈറ്റ്സ് സൊസൈറ്റിയാണ്.