നിപ റിപ്പോര്‍ട്ട് ചെയ്യാതെ കോഴിക്കോട് ആശ്വാസത്തിന്റെ പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്‌കൂളുകള്‍ തുറന്നു. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നിരിക്കിലും കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകളില്‍ ഇപ്പോഴും അവധിയാണ്. ജില്ലയില്‍ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്.
അതേസമയം ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്‍ ഉള്‍പ്പെടെ നാല് പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരും 21 ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളുമാണ് നിലവില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളാക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 915 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമാകുന്നുണ്ട്.