കൊടിയത്തൂർ പഞ്ചായത്ത് വിഭജിച്ച് തോട്ടുമുക്കം കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപവത്കരിക്കാനാണ് ശ്രമം.
കൊടിയത്തൂർ: കോഴിക്കോട് ജില്ലയിൽ നിന്ന് കൊടിയത്തൂർ പഞ്ചായത്ത് വിഭജിക്കാനൊരുങ്ങുന്നു. പുതിയ പഞ്ചായത്ത് തോട്ടുമുക്കത്ത് രൂപവത്കരിച്ചേക്കും. 2025ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് വാർഡ് വിഭജനം നടക്കുന്നത്. സർക്കാർ നിയോഗിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.
മലയോര പഞ്ചായത്തുകളായ കൊടിയത്തൂർ, കോടഞ്ചേരി എന്നിവ ഭൂമിശാസ്ത്രപരമായി വലിയ പഞ്ചായത്തുകളാണ്. കാരശ്ശേരി പഞ്ചായത്തിന്റെ ഭാഗങ്ങളായ പാറത്തോട്, തോട്ടക്കാട്, മൈസൂർപറ്റ എന്നിവ തോട്ടുമുക്കം കേന്ദ്രമായി രൂപവത്കരിക്കുന്ന പഞ്ചായത്തിലേക്ക് കൂട്ടിച്ചേർത്തേക്കും.
മരഞ്ചാട്ടിയുടെ കുറച്ചു ഭാഗങ്ങളും കൂട്ടിച്ചേർക്കും. വാലില്ലാപുഴയിലെ ജില്ല അതിർത്തി മുതൽ ഗോതമ്പുറോഡ് വരെയുള്ള പ്രദേശങ്ങളും തോട്ടുമുക്കം പഞ്ചായത്തിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് സൂചന.
വലിയ പഞ്ചായത്തുകൾ വിഭജിച്ച് അതിർത്തി പുനർനിർണയിക്കാനുള്ള ശിപാർശയാണ് സമിതി സർക്കാറിന് നൽകിയിട്ടുള്ളത്. കഴിഞ്ഞ തെരെഞ്ഞടുപ്പിനു മുമ്പ് വാർഡ് വിഭജനത്തിന് നീക്കം നടന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു. വാർഡ് വിഭജന നടപടികൾ പൂർത്തിയാക്കാൻ ഒരു വർഷത്തോളം വേണ്ടിവരും. 2001ലെ സെൻസസ് പ്രകാരം 2010ലാണ് സമ്പൂർണമായി ഇതിനു മുമ്പ് വാർഡ് വിഭജനം നടന്നത്.