Trending

അല്‍താഫിനെ ചേര്‍ത്തുപിടിച്ച് ഒരു നാട്: ചികിത്സാ സഹായ ഫണ്ടിലേക്ക് എത്തിയത് 80 ലക്ഷം.



കൊടിയത്തൂര്‍: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായ ഗോതമ്പറോഡിലെ അല്‍താഫിന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നാടൊരുമിച്ചപ്പോള്‍ കുറഞ്ഞ ദിവസം കൊണ്ട് ഒഴുകിയെത്തിയത് 80 ലക്ഷത്തി 1385 രൂപ. ചെറുംതോട് ഹനീഫ-സാനിദ ദമ്പതികളുടെ മകന്‍ അല്‍താഫ് ചെറുവാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ 151 അംഗ ജനകീയ കമ്മിറ്റിയാണ് വിവിധ മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തിയത്. വിവിധ പ്രദേശങ്ങളിലുള്ള വ്യക്തികളും കൂട്ടായ്മകളും സഹായ ഹസ്തവുമായി ഗോതമ്പറോഡിലെ സഹായ സമിതി ഓഫീസിലെത്തി.

വിവിധ ആവശ്യങ്ങള്‍ക്കായി ശേഖരിച്ചുവെച്ച നാണയത്തുട്ടുകളടങ്ങിയ സമ്പാദ്യക്കുടുക്കകളുമായി കൂട്ടുകാരന്റെ ചികിത്സാ സഹായത്തിന് നല്‍കാന്‍ നൂറോളം കൂട്ടുകാരെത്തിയത് സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു. കളിക്കൂട്ടുകാര്‍ ഉള്‍പ്പടെയുള്ള പത്തോളം പേര്‍ തങ്ങളുടെ മോതിരം ഉള്‍പ്പടെയുള്ള സ്വര്‍ണാഭരണങ്ങള്‍ സഹായ നിധിയിലേക്ക് ഊരി നല്‍കിയത് സദസ്സിലുള്ളവരുടെ കണ്ണുനനയിക്കുന്ന കാഴ്ചയായി.

കൈയില്‍ കാശെടുത്തു കൊടുക്കാനില്ലാത്ത പലരും വീട്ടിലെ പശു, ആട്, കോഴി, മുയല്‍, താറാവ്, വാഴക്കുല തുടങ്ങിയവ ലേലം വിളിക്കാനായി കമ്മിറ്റിയെ ഏല്‍പിച്ചു. നെല്ലിക്കാപറമ്പിലെ ഒരു വീട്ടുകാരന്‍ തന്റെ വീട്ടിലെ ഇരുമ്പിന്റെ ഊഞ്ഞാലാണ് നല്‍കിയത്. ഗോതമ്പറോഡിലെ ഒരു സൈക്കിള്‍ കട പുതിയൊരു സൈക്കിളാണ് ലേലത്തിനായി നല്‍കിയത്. ധന സമാഹരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ലേലം വിളി ധന സമാഹരണത്തിന്റെ വേറിട്ട മാതൃകയായി.

നാട്ടിലെയും വിദേശത്തെയും വിവിധ കൂട്ടായ്മകള്‍, വിദ്യാര്‍ഥികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, കൊടിയത്തൂര്‍ പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂനിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബഗ്രൂപ്പുകള്‍, സന്നദ്ധസേവര്‍, വാട്‌സാപ്പ് കൂട്ടായ്മകള്‍, സ്‌കൂളുള്‍, മദ്‌റസ, പള്ളിക്കമ്മറ്റി, ക്ഷേതക്രമ്മിറ്റി, ചര്‍ച്ച് എന്നിവര്‍ വ്യത്യസ്ത രീതികളില്‍ ധന സമാഹരണം നടത്തി കമ്മിറ്റിയെ ഏല്‍പിച്ചു.

ജീറോഡിയന്‍ ബസ്, മൊഞ്ചത്തി ബസ് എന്നിവ ഒരു ദിവസത്തെ കലക്ഷന്‍ മുഴുവന്‍ അല്‍താഫ് ഫണ്ടിലേക്ക് നല്‍കി. ഒരാഴ്ചക്കാലം അഡ്വ. ഷമീര്‍ നാട്ടുകാര്‍ക്കൊപ്പം ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അല്‍താഫ് ചികിത്സാ ഫണ്ടിലേക്ക് ഇനി പണം അയക്കേണ്ടതില്ലെന്ന് ഷമീര്‍ അറിയിച്ചു.

അല്‍താഫിന്റെ ജീവന്‍ രക്ഷിക്കാനായി സഹായിച്ച സുമനസ്സുകള്‍ക്ക് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ പുതിയോട്ടില്‍ നന്ദി അറിയിച്ചു. കണ്‍വീനര്‍ കബീര്‍ കണിയാത്ത്, ട്രഷറര്‍, എം.ടി സത്താര്‍, മീഡിയ കോഡിനേറ്റര്‍ സാലിം ജീറോഡ്, കണ്‍വീനര്‍മാരായ സലാം തറമ്മല്‍, സലീം കോയ, അഡ്വ. സുഫിയാന്‍, മുഹമ്മദ് പി, സുല്‍ഫി, സലീം, ജെയിന്‍ സുരേഷ്, മാണി, മുജീബ് മാവായില്‍, സുനില്‍ ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli