കോഴിക്കോട് പക്ഷിപ്പനി; സ്ഥിരീകരിച്ചത് തീവ്ര വ്യാപന ശേഷിയുള്ള H5N1 വകഭേദം.
തിരുവനന്തപുരം: ഇടവേളക്ക് ശേഷം സംസ്ഥാനം പക്ഷിപ്പനി ഭീതിയിലേക്ക്. ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പുറമെ തിരുവനന്തപുരത്തും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സർക്കാറിന്‍റെ പ്രാദേശിക കോഴി വളർത്തൽ കേന്ദ്രമായ കോഴിക്കോട് ചാത്തമംഗലം റീജനൽ പൗൾട്രി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് (എൻ.ഐ.എച്ച്.എസ്.എ.ഡി) ലാബിൽ നിന്നുള്ള പരിശോധന ഫലം ബുധനാഴ്ച വൈകീട്ടോടെ ലഭിച്ചു.
ഇതോടെ പഴുതടച്ച പ്രതിരോധ നടപടികളിലേക്ക് കടക്കാൻ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ് നേരിട്ട് നടത്തുന്ന ചാത്തമംഗലം ഫാമിൽ ഇതാദ്യമായാണ് പക്ഷിപ്പനി. കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ പ്രത്യേക പരിചരണം നൽകി വളർത്തുന്ന ആറായിരത്തോളം കോഴികളാണ് ഇവിടെയുള്ളത്. സുരക്ഷമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അധിക വ്യാപന ശേഷിയുള്ള എച്ച്5എൻ1 വകഭേദം ആണ് സ്ഥിരീകരിച്ചത്.
ആലപ്പുഴയിൽനിന്ന് ബുധനാഴ്ച വീണ്ടും സാമ്പ്ൾ ശേഖരിച്ച് ഭോപ്പാൽ ലാബിലേക്കയച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപ്പക്ഷികൾ എന്നിവയുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂരിൽ പക്ഷികളെ കൊന്നൊടുക്കുന്ന ദൗത്യം ചൊവ്വാഴ്ച പൂർത്തിയാക്കിയിരുന്നു.
ഏഴ് വാർഡുകളിൽ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ച എട്ട് ദൗത്യസംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. ഈ വാർഡുകളിലെ പരിസരം അണുമുക്തമാക്കുന്ന പ്രവൃത്തികൾ വ്യാഴാഴ്ചകൂടി തുടരും. അതിനുശേഷം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ജില്ല മൃഗസംരക്ഷണ ഓഫിസർ റിപ്പോർട്ട് നൽകും. ഇത് കേന്ദ്രസർക്കാറിന് കൈമാറും. കേന്ദ്രസർക്കാറാണ് പ്രദേശം പക്ഷിപ്പനി മുക്തമായെന്ന് സർട്ടിഫൈ ചെയ്യേണ്ടത്. ഇത് ലഭിച്ചാൽ മാത്രമേ കോഴിക്കടകളും ഫാമുകളും തുറന്ന് പ്രവർത്തിപ്പിക്കാനാകൂ.
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
ജനുവരി ആറ് മുതൽ ഫാമിൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു. തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ വിമാനമാർഗം കൊടുത്തയച്ച സാമ്പിളുകൾ പരിശോധിച്ച് ഇന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചത്.
ജനുവരി ആറ് മുതൽ പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് ശ്രദ്ധയിൽപെട്ടിരുന്നു. മരണപ്പെട്ട കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനക്ക് അയച്ചു. ന്യൂമോണിയയുടെ ലക്ഷണം കണ്ട കോഴികൾക്ക് അന്ന് തന്നെ മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസവും മരണനിരക്ക് വർധിച്ചതോടെ കണ്ണൂർ ആർ.ഡി.ഡി.എൽ, തിരുവല്ല എ.ഡി.ഡി.എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധന നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാലാണ് കൃത്യമായ രോഗ നിർണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ അയച്ചത്.
5000ല്‍ പരം കോഴികളുള്ള ഫാമില്‍ നിലവിൽ 1800 എണ്ണം മരണപ്പെട്ടിട്ടുണ്ട്. ഇതിനകം തന്നെ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസ്, എ.ഡി.ജി.പി വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതായി മന്ത്രി അറിയിച്ചു.