നേപ്പാളിൽ വൻ വിമാന ദുരന്തം: 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു; 30 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ദില്ലി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. പറന്നുയരാൻ ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയിൽ റൺവേക്ക് മുൻപിൽ തകർന്നുവീണുവെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്.
മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റർ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിർമ്മിച്ചു. ഈ ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ന് അപകടം ഉണ്ടായത്. പ്രവർത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്.
വിമാനത്തിൽ അഞ്ചു ഇന്ത്യക്കാരുമുണ്ടെന്ന് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. 10 വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നതെന്നും അതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Tags:
INDIA