Trending

മഞ്ഞുപുതച്ച് മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ.



മൂന്നാർ: വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുംവിധം മഞ്ഞിൻറെ വെള്ളപ്പുതപ്പണിഞ്ഞ് മൂന്നാർ. ഈ വർഷം ഇതാദ്യമായി മൂന്നാറിലെ താപനില പൂജ്യത്തിനും താഴെയെത്തി. ചെണ്ടുവര, വട്ടവട തുടങ്ങിയ മേഖലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. അർധരാത്രി ഒരു മണിയ്ക്കു ശേഷം പുലർച്ചെ സൂര്യനുദിക്കുന്നത് വരെ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ മൂന്നാറിൽ സ്വാഭാവികമായുള്ള തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. പകരം ജനുവരി പകുതിയോടടുത്തപ്പോഴാണ് ഇത്തരത്തിൽ കടുത്ത ശൈത്യം രേഖപ്പെടുത്തുന്നത്.

ബുധനാഴ്ച രാവിലെ മൂന്നാർ ടൗണിനോടു ചേർന്ന് കെ.ടി.ഡി.സി ടീ കൗണ്ടി റിസോർട്ടിനു സമീപത്തായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. തേയിലത്തോട്ടങ്ങളിലും വലിയ തോതിലുള്ള മഞ്ഞു വീഴ്ചയാണുണ്ടായത്. ഇത് തേയിലയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

മൂന്നാർ മേഖലയിലെ എറ്റവും കുറഞ്ഞ താപനിലയായ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് ചെണ്ടുവര ഫാക്ടറി ഡിവിഷനിൽ രേഖപ്പെടുത്തി. താപനില മൈനസിൽ എത്തിയതോടെ പ്രദേശത്തെ പുൽമേടുകളിൽ മഞ്ഞുവീഴ്ചയുണ്ടായി. ഒ.ഡി. കെ. ദേവികുളത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 

ലാക്കാട്, ലക്ഷ്മി, ചിറ്റിവര എന്നിവിടങ്ങളിലെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മൂന്നാർ ടൗണിൽ ചൊവ്വാഴ്ച്ച രാവിലത്തെ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. താപനില പൂജ്യത്തിന് താഴെ എത്തിയതോടെ തണുപ്പാസ്വദിക്കാനായി ധാരാളം സഞ്ചരികളാണ് മൂന്നാറിലെത്തുന്നത്.
Previous Post Next Post
Italian Trulli
Italian Trulli