കൊടിയത്തൂർ: സ്ത്രീകൾ, കുട്ടികൾ, പട്ടിക വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് സൗജന്യ നിയമോപദേശവും നിയമ സഹായവും നൽകുന്ന പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നു.
ജില്ല ലീഗൽ സർവീസ് അതോറിറ്റിയും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ലീഗൽ എയ്ഡ് ക്ലിനിക് ഗ്രാമ പഞ്ചായത്തിൽ ആരംഭിക്കുന്നത്.
മൂന്ന് ലക്ഷം രൂപക്ക് താഴെ വരുമാനമുള്ള പുരുഷൻമാർക്കും വരുമാന പരിധിയില്ലാതെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും.
ദേശീയ തലത്തിൽ 22 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊടിയത്തൂരിലും ഇത് നടപ്പാക്കുന്നത്.
ഏത് കേസുകളിലും ഏത് ഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയാണിത്. ജാമ്യാപേക്ഷ, റിമാൻഡ്, അറസ്റ്റിനു മുൻപുള്ള ഘട്ടം തുടങ്ങിയവക്കെല്ലാം നിയമ സഹായം ലഭ്യമാകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.
നിയമ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തി നിയമ സഹായ ക്യാമ്പയിനടക്കം സംഘടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 13 ന് സംസ്ഥാന നിയമ സേവന അതോറിറ്റി ചെയർമാനും ജില്ല ജഡ്ജിയുമായ നിസാർ അഹമ്മദ് നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സബ് ജഡ്ജ് എം.പി ഷൈജൽ വിഷയാവതരണം നടത്തും.
Tags:
KODIYATHUR