കൊടിയത്തൂർ : കെട്ടിട വാടക തോന്നും പടി കൂട്ടുന്നതുകൊണ്ട് പിടിച്ചുനിൽക്കുവാൻ കഴിയാതെ നിരവധി വ്യാപാരസ്ഥാപനങ്ങൾ ഈ അടുത്തകാലത്തായി കൊടിയത്തൂരിൽ മാത്രം അടച്ചുപൂടേണ്ടി വന്നിരിക്കുന്നു. വ്യാപാര മേഖലയിലെ മാന്ദ്യം ഇതിന് ആക്കം കൂട്ടുകയും ചെയ്തു.
കൊടിയത്തൂർ അങ്ങാടിയിൽ തന്നെ ഈ അടുത്തകാലത്തായി കിസ്മത്ത് ഹോട്ടൽ, ഹാദിയ ഫാൻസി, ദിൽബാബ് ടൂൾസ്, ഹിറ ഗ്ലാസ്സ്, ബിസ്മി ഇലക്ട്രിക്കൽസ്, ഹിറാ ഡൂർ ആൻഡ് ഹാർഡ് വെയർ, ബാർബർ ഷോപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി എന്ന് കെ.വി.വി.ഇ.എസ് കൊടിയത്തൂർ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു.
യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹനീഫ ടി.കെ അധ്യക്ഷനായി. തിരുവമ്പാടി മണ്ഡലം സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
അനിയന്ത്രിതവും അശാസ്ത്രീയവുമായ വാടക വർദ്ധിപ്പിക്കുന്നവർക്കെതിരെ യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂട്ടത്തിൽ വാടക അമിതമായി വർദ്ധിപ്പിക്കാത്ത കെട്ടിട ഉടമകളെ യോഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു.
ഉബൈദ് യൂണിവേഴ്സൽ, എച്ച്.എസ്.ടി അബ്ദുറഹിമാൻ കെ.കെ.സി ഗഫൂർ, ഹമീദ് സി.കെ, ഫൈസൽ പി.പി, അബ്ദുൽ ബാസിത് പി തുടങ്ങിയവരും പങ്കെടുത്തു. സി.പി മുഹമ്മദ് നന്ദി പറഞ്ഞു.
Tags:
KODIYATHUR