കൊടിയത്തൂർ: വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണെന്നും മാതൃകാപരമായ ജീവിതത്തിലൂടെ വിദ്യാർത്ഥികൾക്ക് ജീവിത പാഠങ്ങൾ പകർന്നു നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പ്രസിദ്ധ ഹോം സിനിമാ സംവിധായകനും പ്രഗത്ഭ മോട്ടിവേറ്ററുമായ സലാം കൊടിയത്തൂർ ഉദ്ബോധിപ്പിച്ചു.
കൊടിയത്തൂർ തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ പ്രതിഭാ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല സാമൂഹ്യ പരിവർത്തനത്തിന്റെ പടവാളാണെന്നും കുട്ടികളിൽ അന്തർലീനമായ കലാ സാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും കൈ കോർത്ത് യത്നിക്കണമെന്നും അദ്ദേഹം ഉണർത്തി.
മജ്ലിസ് ഫെസ്റ്റ് ക്ലസ്റ്റർ - മേഖലാ വിജയികൾ, ലോക അറബി ഭാഷാ ദിന മത്സര വിജയികൾ, ഖത്തർ ലോകകപ്പ് പ്രവചന വിജയികൾ എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
മദ്റസാ മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് മായത്തൊടി അബ്ദുല്ല മാസ്റ്റുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഭാ സംഗമം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇ ഹസ്ബുല്ല മാസ്റ്റർ, പി.വി അബ്ദുറഹ്മാൻ മാസ്റ്റർ, മുഹമ്മദ് അമീൻ, വി സുഹ്റ ടീച്ചർ, നസീറ ടീച്ചർ തുടങ്ങിയവർ ആശസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ.ഇ ഷമീം മാസ്റ്റാർ സ്വാഗതവും പി.ടി അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു. ടി.കെ റസൂൽ ഫാമി ഖിറാഅത്ത് നടത്തി.