✍️ഗിരീഷ് കാരക്കുറ്റി.
ബസ്,കൂപ്പ് വ്യവസായത്തിൽ പ്രമുഖനും കൊടിയത്തൂരിലെ പൗരപ്രമുഖനും ദീർഘകാലം മഹല്ല് കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന കെ.സി അബ്ദുറഹ്മാൻ ഹാജി (91) അന്തരിച്ചു.
മയ്യത്ത് നമസ്കാരം ഇന്ന് ( 16/1/2023 ) 5 pm ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ജീവിതത്തിലാദ്യമായിട്ട് ടെലിവിഷനെ കുറിച്ച് കേട്ടതും കണ്ടതും അദ്ദേഹത്തിന്റെ തിരുമുറ്റത്ത് വച്ചായിരുന്നു.പ്രിയദർശിനി ഇന്ദിരാജിയുടെ ശവസംസ്കാര ചടങ്ങുകൾ കണ്ടതും.പിന്നീട് ഒളിമ്പിക്സ് വന്നപ്പോൾ ആ വിസ്മയ കാഴ്ചകൾ കാണാൻ കഴിഞ്ഞതും എല്ലാം അവിടം തന്നെയായിരുന്നു. ഞങ്ങൾ കുട്ടികളൊന്നായിട്ട് വന്നാലും വാതിൽ തുറന്നു തന്നേയിടുമായിരുന്നു.
നെല്ലിയാമ്പതി വനാന്തരങ്ങളിൽ കൂപ്പ് വ്യവസായം നടത്തിയിരുന്ന ഹാജിയാർക്ക് മൂന്ന് ആനകൾ ഉണ്ടായിരുന്നു. (റസിയ, സീത, അനീസ ) വെളിയൻ, ചിലവൻ, ഭാസ്കരൻ എല്ലാം ആന പാപ്പാന്മാരായിരുന്നു.
ജീവിതത്തിൽ നേരിട്ട് ആനയെ കാണുന്നത് അവിടെ വച്ചായിരുന്നു. അതുകൊണ്ടുതന്നെ പാപ്പാന്മാരുമായി വലിയ ചങ്ങാത്തം കൂടാൻ ഞാൻ ശ്രമിച്ചു. അവർക്ക് മുറുക്കാനുള്ള അടക്ക ഞാൻ എത്തിച്ചു കൊടുക്കും, അതുകൊണ്ട് എന്നെ അവർക്ക് വലിയ ഇഷ്ടമായിരുന്നു. ആനയെ തൊടാനും ആനപ്പുറത്ത് കയറാനുമുള്ള ഭാഗ്യം അന്ന് ലഭിച്ചു.
കൂടുതൽ സംസാരപ്രിയനായ ഹാജിയാർ നല്ലൊരു വ്യക്തി ബന്ധത്തിനുടമയായിരുന്നു. എന്നോട് വലിയ ഇഷ്ടമായിരുന്നു. സംസാരിച്ചിരിക്കുമ്പോൾ സമയം പോയത് അറിയില്ല, നാട്ടിലെ ഒട്ടുമുക്ക സംഭവങ്ങളും പ്രശ്നങ്ങളും ഹാജിയാരുടെ പക്കലുണ്ടാവും.
നാടിന്റെ വികസന പ്രശ്നങ്ങളിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഹാജിയാർ, പ്രത്യേകിച്ച് റോഡ് വികസനത്തിന് സ്ഥലം ചോദിച്ചു നേരിട്ട് ആ പടിക്കൽ എത്തിയാൽ മടക്കിവിട്ട ചരിത്രമില്ല. കാരാട്ട് റോഡ് ആയാലും അടുപ്പശ്ശേരി റോഡ് ആയാലും കൊടിയത്തൂർ പ്രദേശത്ത് ഒരു പുതിയ റോഡ് തുറന്നാൽ അതിന്റെ പരിസരത്ത് എവിടെയോ ഹാജിയാർക്ക് സ്ഥലം ഉണ്ടാവും. ഭൂമി സൗജന്യമായി വിട്ടുതരിക മാത്രമല്ല.റോഡ് തുറക്കാനും വേണ്ട സഹായസഹകരണങ്ങൾ ചെയ്യും.
കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് - അടുപ്പശ്ശേരി റോഡ് ഒരു ബലികേറാമലയായിരുന്നു.റോഡ് തുറന്നപ്പോൾ താഴെ അടുപ്പശ്ശേരി ഭാഗത്ത് കൂടുതൽ സ്ഥലം കിട്ടേണ്ടിയിരുന്നത് അദ്ദേഹത്തിന്റെതായിരുന്നു. ചോദിക്കേണ്ട താമസം സൗജന്യമായി വിട്ടുതരികയും,റോഡ് വികസനത്തിന് വലിയൊരു സംഖ്യ സി.ടി.സിയെ ഏൽപ്പിക്കുകയും ചെയ്തു, അതായിരുന്നു ഹാജിയാർ.
ആ നന്മമരത്തിന്റെ പൂക്കളുടെ സുഗന്ധം ഇരുവഴിഞ്ഞിയുടെ കുളിർ കാറ്റിനൊപ്പം പരിമളം പരത്തി കൊണ്ടേയിരിക്കും. ദീപ്തസ്മരണക്കു മുമ്പിൽ കണ്ണീർ പ്രണാമം.