Trending

ഇന്ത്യയിൽ ഫോണുകൾക്ക് വില കൂടുമെന്ന് ഗൂഗിൾ മുന്നറിയിപ്പ്, സുരക്ഷയ്ക്കും ഭീഷണി.



കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി രാജ്യത്ത് സ്മാർട് ഫോണുകൾക്ക് വില കൂടാൻ കാരണമാകുമെന്ന് ഗൂഗിൾ മുന്നറിയിപ്പ്. ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2022ൽ രണ്ട് വ്യത്യസ്ത ഓർഡറുകളിലായി സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയും പ്ലേ സ്റ്റോർ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയുമാണ് പിഴ ചുമത്തിയത്.


ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിൽ തങ്ങളുടെ ആപ്പുകൾ ആധിപത്യം സ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗൂഗിൾ സ്മാർട് ഫോൺ നിർമാതാക്കളുമായി ഏകപക്ഷീയമായ കരാറുകളിൽ ഏർപ്പെട്ടതായി സിസിഐ ആരോപിച്ചിരുന്നു.

ഇപ്പോൾ സിസിഐയുടെ വിധിക്കെതിരെ ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സിസിഐയുടെ നീക്കം ഇന്ത്യയിലെ ആൻഡ്രോയിഡിന്റെ വളർച്ചയെ തടസ്സപ്പെടുത്തുമെന്നാണ് കമ്പനിയുടെ വാദം.

ഫോണുകളിൽ ഗൂഗിൾ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ സ്‌മാർട് ഫോൺ നിർമാതാക്കളുമായി ഗൂഗിൾ സഹകരിക്കുന്നുണ്ടെന്ന് ആന്റിട്രസ്റ്റ് വാച്ച്‌ഡോഗ് സിസിഐ ആരോപിച്ചിരുന്നു. ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ ഗൂഗിൾ സ്മാർട് ഫോൺ കമ്പനികളെ നിർബന്ധിക്കരുതെന്നും സിസിഐ പറഞ്ഞു.

ഇന്ത്യൻ വിപണിയിലെ മത്സര നിയമങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് ഗൂഗിൾ ഈ ശക്തി ഉപയോഗിക്കുന്നതെന്ന് സിസിഐ ആരോപിച്ചു. ബില്ലിങ്ങിനോ പേയ്‌മെന്റുകൾക്കോ മറ്റ് കമ്പനികളുടെ പേയ്മെന്റ് സേവനം ഉപയോഗിക്കുന്നതിൽ നിന്ന് ആൻഡ്രോയിഡ് ആപ് ഡെവലപ്പർമാരെ തടയരുതെന്നും സിസിഐ ആവശ്യപ്പെട്ടു. പ്ലേസ്റ്റോറിലെ സേവനങ്ങള്‍ക്ക് ഗൂഗിൾ പേ വഴി മാത്രമാണ് പണമീടാക്കുന്നത് എന്ന് ആരോപണമുണ്ടായിരുന്നു.

ഫോൺ ഉപഭോക്താക്കൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചു ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമാക്കാനുള്ള ശ്രമങ്ങൾക്ക് സിസിഐയുടെ ഉത്തരവ് തിരിച്ചടിയാണെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

ആൻഡ്രോയിഡ് ആദ്യമായി 2008 ൽ അവതരിപ്പിച്ചപ്പോൾ സ്‌മാർട് ഫോണുകൾ ഏറെ ചെലവേറിയതായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹാൻഡ്സെറ്റ് നിർമാതാക്കൾക്ക് സ്മാർട് ഫോണുകൾ മിതമായ നിരക്കിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ടെന്നും ഗൂഗിൾ പറയുന്നു.
Previous Post Next Post
Italian Trulli
Italian Trulli