✍🏻റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ: മർഹൂം കുന്നത്ത് ചാലിൽ ഹുസൈൻ മുസ്ലിയാരുടെയും നടുക്കണ്ടത്തിൽ അത്വിയ്യയുടെയും 13 മക്കളിൽ 12-ാമനായി ജനിച്ച കെ.സി അബ്ദുറഹിമാൻ ഹാജി എന്ന മഹാ തണൽ മരവും നമ്മെ വിട്ടു പിരിഞ്ഞു. ഒരു പുരുഷായുസ്സ് മുഴുവൻ കുടുംബത്തിനും ബന്ധു ജനങ്ങൾക്കും നാട്ടുകാർക്കും മറു നാട്ടുകാർക്കും അങ്ങേയറ്റം താങ്ങും തണലുമേകിയാണ് 93-മത്തെ വയസ്സിൽ നമ്മോട് വിട ചൊല്ലിയിരിക്കുന്നത്.
സൗകര്യങ്ങൾ ഏറെ പരിമിതമായിരുന്ന കാലത്ത് നിശ്ചയദാർഢ്യത്തിന്റെയും അത്യുൽസാഹത്തിന്റെയും അതിസാഹസത്തിന്റെയും ഫലമായി കൈവെച്ച മേഖലകളിലൊക്കെ വിജയഗാഥ രചിച്ച് സാമ്പത്തിക ഉന്നതിയിലെത്തിയ വ്യക്തിത്വത്തമായിരുന്നു അദ്ദേഹം.
പിതാവിൽ നിന്ന് പൈതൃകമായി ലഭിച്ച മര വ്യവസായവും തുടർന്ന് പ്ലൈവുഡ് മേഖലയും ബസ് സർവീസും കളിമൺ വ്യവസായവുമെല്ലാം പരീക്ഷിച്ച് വിജയം വരിച്ചവയായിരുന്നു. നല്ലൊരു കർഷകൻ കൂടിയായിരുന്നു ഹാജി. കൊടിയത്തൂർ പാടത്തെ പുറംകണ്ടി ചാത്തന്റെയും പരേതനായ കുനിയൻ മുഹമ്മദിന്റെയും മറ്റും നേതൃത്വത്തിലുള്ള കൃഷിപ്പണി ഏറെ പുകൾപെറ്റതായിരുന്നു.
ഒരു കാലഘട്ടത്തിൽ നാട്ടിൽ പട്ടിണിയും പരിവട്ടവുമായി ജനങ്ങൾ നട്ടം തിരിയുമ്പോൾ അവരുടെ വീടകങ്ങളിൽ തീ മൂട്ടാൻ അവസരമൊരുക്കിയിരുന്നത് ഹാജിയാരെപ്പോലെയുള്ള സുമനസ്സുകളുടെ കൂപ്പ് ജോലികളും മറ്റുമായിരുന്നു.
പത്തനാപുരം, വാലില്ലാപ്പുഴ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന ഹാജിയാരുടെ ഡീലക്സ് ബസ്സുകളിൽ കണ്ടക്ടർ, ക്ളീനർ, ചെക്കർ ജോലികൾ ചെയ്ത് പരിശീലനം നേടിയവർ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരായത് മറ്റൊരു ചരിത്ര നിയോഗം.
എസ്.എസ്.എൽ.സി പാസ്സായ കെ.ടി ഉണ്ണിമോയിക്ക് തുടർ പഠനത്തിന് പ്രചോദനമേകിയും ഡോക്ടർ മോഹത്തിന് തടസ്സം നേരിട്ടപ്പോൾ ഹാജിയാർ മുഖേന മാഷാവാൻ അവസരം ലഭിച്ചതും തുടർന്ന് ആജീവനാന്തം ഉണ്ണിമോയി മാഷ് എന്ന പേരിൽ പരക്കെ അറിയപ്പെടാൻ ഇടയായതും അമ്മാവൻ മുഖേനയെന്ന് മാഷ് അനുസ്മരിച്ചത് കൊണ്ട് മാത്രം നാമറിയാനിടയായി.
അങ്ങിനത്തെ നൂറു നൂറു അനുഭവങ്ങൾ മറ്റുള്ളവർക്കും പങ്കു വെക്കാനുണ്ടാകും, തീർച്ച.
1960, 70 കാലഘട്ടങ്ങളിൽ വിശന്നു വലയുന്ന പൊരിവയറുകൾക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു സ്കൂൾ കണ്ടിയിൽ വെച്ച് നടന്നിരുന്ന ഹാജിയാർ വകയായുള്ള കഞ്ഞിപ്പാർച്ച.
റമദാനിലെ മുറതെറ്റാതെയുള്ള സകാത് വിതരണം നാട്ട്യാക്ക മുഖേന അർഹരിലേക്ക് എത്തിച്ചിരുന്നത് അക്കാലത്ത് ഏറെ ആശ്വാസദായക പ്രവർത്തിയായിരുന്നു.
തുടർന്ന് മഹല്ല് സംഘടിത സകാത്ത് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നതിന് മുൻകയ്യെടുക്കുകയും ചെയ്യുകയുണ്ടായി.
പള്ളികളുടെയും മദ്രസകളുടെയും നിർമാണത്തിലും സംരക്ഷ ണത്തിലും നടത്തിപ്പിലുമെല്ലാം ഏറെ താല്പര്യം കാണിച്ചിരുന്ന അദ്ദേഹം ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷനിലും ഏറെക്കാലം പ്രവർത്തിക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂർ മഹല്ല് പ്രസിഡണ്ടായിരിക്കെയാണ് പഴക്കം ചെന്ന കൊടിയത്തൂർ ജുമുഅത്ത് പളളി ഇന്നുള്ള അവസ്ഥയിൽ പുതുക്കിപ്പണിതത്. കൃത്യതയുടെ പര്യായമായിരുന്ന ഹാജിയാരുടെ പക്കൽ എല്ലാ റെക്കോർഡുകളും ക്റു കൃത്യമായിരുന്നു.
കാഞ്ഞിരത്തിൻ ചുവട്ടിലെ മദ്രസ (തെയ്യത്തും കടവ്) യെ സംബന്ധിച്ച് സംസാരിക്കുമ്പോൾ ആയിരം നാക്കായിരുന്നു ഹാജിയാർക്ക്. മദ്രസ ആരംഭിക്കുവാനുണ്ടായ സാഹചര്യവും പണിത്തരങ്ങൾക്ക് മരം സംഘടിപ്പിച്ചതും മറ്റും മറ്റുമായി വളരെ വിസ്തരിച്ചു പറയുമായിരുന്നു.
നാടിന്റെ വികസന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഹാജിയാർ.
മാക്കൽ ആശുപത്രി, കോംട്രസ്‌റ്റ് കണ്ണാശുപത്രി തുടങ്ങിയവ യാഥാർഥ്യമാക്കാൻ ഒരേക്കർ സ്ഥലം വിട്ടുനൽകിയതും ഒരു ഒറ്റപ്പെട്ട തുരുത്തായി കഴിഞ്ഞിരുന്ന കാരാട്ട്, അങ്ങാട്ടപ്പൊയിൽ , പുത്തൻ വീട്, വേരൻ കടവ് ഭാഗത്തുള്ളവർക്ക് റോഡ്, പടുവൻ കുറ്റി - അടുപ്പശ്ശേരി നിവാസികൾക്കുള്ള റോഡ് എന്നിവ യാഥാർഥ്യമാക്കാൻ സ്ഥലം വിട്ടു നൽകിയും ഹാജിയാർ നല്ല മാതൃകയായി.
പുറത്തു നിന്നും തന്റെ ജോലിക്കാരനായി എത്തിയ കബീറിനും കുടുംബത്തിനും അടുപ്പശ്ശേരിയിൽ ഭാഗത്ത് വീട് നിർമിച്ചു നൽകിയതും അദ്ദേഹത്തിന്റെ ഉദാരതക്കുള്ള നിത്യ സ്മാരകമാണ്.
കൊടിയത്തൂർകാർക്ക് ആദ്യമായി കാർ, ആന, ബസ്, ലോറി, ടി.വി, ജഴ്സി പശു എന്നിവയൊക്കെ ആദ്യമായി കാണാനവസരമൊരുക്കിയത് ഹാജിയാരായിരുന്നു.
വിദ്യാർഥികളായിരിക്കെ താഴെ സ്കൂളിൽ നിന്നും ജനൽ വഴി ആ കാഴ്ചകൾ കണ്ടിരുന്നത് വലിയ ഹരവും ആഹ്ലാദവുമായിരുന്നു.
റസ്യാനയെയും മറ്റും തെയ്യത്തും കടവ് പുഴയിൽ ദീർഘനേരം കിടത്തി കോട്ടമ്മൽ മോയിൻ നേതൃത്വത്തിൽ പാപ്പാൻമാർ ചകിരി കൊണ്ട് ഉരച്ചുരച്ച് കുളിപ്പിക്കുന്നതും ആന ഇടക്കിടക്ക് തുമ്പിക്കൈ ഉയർത്തി വെള്ളം ചീറ്റുന്നതും ചെറുപ്പത്തിൽ കുറെ നേരം ആശ്ചര്യത്തോടെ നോക്കി നിൽക്കുമായിരുന്നു.
കഴിഞ്ഞ റമദാൻ അവസാന വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മകൻ സുൽത്താന്റെ കൂടെ പഴം പള്ളി ഖബറിസ്ഥാനിൽ തനിക്കായി ഒരുക്കി വെച്ച് മൂടിയിടപ്പെട്ട ഖബറന്വേഷിച്ച് എത്തുകയും മൂഴിക്കൽ കുട്ടിഹസനോടും പുതിയോട്ടിൽ കോയാമുവിനോടുമടക്കം അന്വേഷിച്ച് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നതിന് സാക്ഷിയായിരുന്നു ഈയുള്ളവനും.
അടുത്ത റമദാനിന് കാത്തു നിൽക്കാൻ സമയമില്ല എന്ന് തിരിച്ചറിഞ്ഞമാതിരി.
അല്ലാഹു അദ്ദേഹത്തിന് എല്ലാ ചെറുതും വലുതുമായ പാപങ്ങളും പൊറുത്തു കൊടുക്കുകയും ഖബറിടം വിശാലമാക്കിക്കൊടുക്കുകയും ജന്നാത്തുന്നഈമിൽ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ.
അദ്ദേഹത്തിന്റെ എല്ലാ സൽകർമങ്ങളും അല്ലാഹു സ്വാലിഹായ അമലുകളായി സ്വീകരിക്കുമാറാകട്ടെ. വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിനും ബന്ധുമിത്രാദികൾക്കും സുഹൃത്തുക്കൾകും നാട്ടുകാർക്കും അല്ലാഹു ക്ഷമയുടെ പ്രതിഫലം വർധിപ്പിച്ചു കൊടുക്കുമാറാകട്ടെ.
ആമീൻ.