Trending

സ്മൃതി പഥങ്ങൾ മിനുസപ്പെടുത്തി നാല് പതിറ്റാണ്ടിന് ശേഷം അവർ ഒത്തുകൂടി.



കൂളിമാട്: പൊടി പുരണ്ട ഓർമ്മകൾക്കും നിറം മങ്ങിയ ചിത്രങ്ങൾക്കും പുത്തൻ വർണ്ണം നൽകി വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ്.എസ്.എൽ.സി ബാച്ച് പ്രാഥമികമായി ഒത്തുചേർന്നു. തീർത്ഥ യാത്രയിൽ കൈവന്ന വിശുദ്ധിയും വിനോദ സഞ്ചാരത്തിൽ ലഭിച്ച മാനസികോല്ലാസവും
ആതുരാലയ സന്ദർശന വേളയിലെ സങ്കടവും സമ്മിശ്രമായ അനുഭവമായിരുന്നു നാല് പതിറ്റാണ്ടിന് ശേഷം എളമരത്ത് നടന്ന സായാഹ്ന സഹപാഠി സംഗമത്തിൽ നിറഞ്ഞു നിന്നത്.

അധ്യാപക, വിദ്യാർത്ഥി വൃന്ദത്തിൽ നിന്ന് വേർപെട്ടു പോയവരുടെ ആത്മാക്കൾ ആരുടെയും ദൃഷ്ടിയിൽ പെടാത്തവിധം അവിടം ഇടം പിടിച്ചതായി അനുഭവിച്ചു. പഴയ കാലത്തെ സാമ്പത്തിക. പ്രതികൂല സാഹചര്യങ്ങൾ ഓർത്തെടുത്തും പ്രായത്തിന്റെ ഊർജ്ജം സമ്മാനിച്ചിരുന്ന തമാശക്കളികളും വിക്രിയകളും വർണിച്ചും മധുര ഭാഷണത്തിലും കൊച്ചു വർത്തമാനത്തിലും ലയിച്ചും നിഷ്കളങ്കതയുടെ കെട്ടഴിച്ചും നാല് മണിക്കൂർ നീണ്ട ഒത്തുകൂടലിൽ നർമവും പഴയ കലാലയ രാഷ്ട്രീയവും കലാ കായിക മത്സരങ്ങളും വർത്തമാനത്തിൽ ഇടം പിടിച്ചു.

സ്ഥാനമാനങ്ങൾക്കോ തൊഴിലുയർച്ചക്കോ സാമ്പത്തിക മേനിക്കോ വിദ്യാഭ്യാസത്തിനോ പ്രത്യേക പരിഗണ നല്കാതെ സർവ്വരും 
ഒരു ഗേഹത്തിലെ ഒരു ദേഹമായി ജീവിത കഥകൾ വിവരിച്ചത് ഹൃദ്യാനുഭവമായി.

കഷ്ടതയുടെ വലയത്തിലകപ്പെട്ട് പലയിടങ്ങളിലായി കഴിയുന്ന ചില സഹപാഠികളെ കുറിച്ചുള്ള സൂചനകൾ സഹായ ഹസ്തത്തിന്റെ ദൈർഘ്യം കൂട്ടേണ്ട ആവശ്യകതയിലേക്ക് പഴയ സഹപാഠികളെ തര്യപ്പെടുത്തി.

കുളിർക്കാറ്റു സമ്മാനിച്ച ചാലിയാർ തീരത്ത് മനോഹാരിത തീർത്ത എളമരം പാലത്തിന്റെ ഓരത്ത് നടന്ന പ്രാഥമിക സംഗമം പഴയ കളിക്കൂട്ടുകാരുടെ കണ്ണും കാതും കരളും കവരാൻ പര്യാപ്തമായിരുന്നു. പ്രയാസപ്പെടുന്നവരെ ചേർത്തുപിടിക്കാനും വൈകാതെ ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു മെഗാ സംഗമം നടത്താനും തീരുമാനിച്ചു പിരിയുമ്പോൾ സന്തോഷവും സങ്കടവും സമ്മിശ്രമായ മിഴിനീർ വാർന്നു.

ബഷീർ പുളിയത്തിങ്ങൽ, സി.കെ.എ ഗഫൂർ വാലില്ലാപ്പുഴ, ഖാദർ വണ്ടൂർ, ഹമീദ് കടോടി നേതൃത്വം നൽകി. തുടർ സംഗമത്തിന് അഡ്ഹോക്ക് കമ്മിറ്റിക്കും ചടങ്ങിൽ രൂപം നൽകി.

ബഷീർ പുളിയത്തിങ്ങൽ, വാഴക്കാട്, (ചെയർമാൻ)
ഇസ്മാഈൽ മച്ചിങ്ങൽ (വൈ.ചെയർമാൻ)
മജീദ് കൂളിമാട് (ജ: കൺവീനർ),
സി അബൂബക്കർ മാസ്റ്റർ, കൂളിമാട് (കൺവീനർ),
ആമിന ആലുങ്ങൽ (കൺവീനർ),
ഹമീദ് കടോടി (ട്രഷറർ)

 Contact No: 9746355556, 9037016158
Previous Post Next Post
Italian Trulli
Italian Trulli