കാരശ്ശേരി: നോർത്ത് കാരശ്ശേരിയുടെ ചിരകാല സ്വപ്‌നമായിരുന്നു സ്വന്തമായൊരു അംഗൻവാടി കെട്ടിടം. കെട്ടിട നിർമ്മാണത്തിന് ഭൂമി തേടി പഞ്ചായത്ത് അധികൃതർ പല വാതിലുകളും മുട്ടി നോക്കി, ഒടുവിലാണ് പരേതനായ നെടുങ്കണ്ടത്തിൽ മുഹമ്മൂദിന്റെ ഭാര്യ കുഞ്ഞിപാത്തുമ്മയെ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്മിത വി.പി|യും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിലും കൊത്തനാപറമ്പിലെ വീട്ടിൽ ചെന്ന് കാണുന്നത്, വില കുറച്ച് ഭൂമി ആവശ്യപ്പെടാൻ പോയ പഞ്ചായത്ത് പ്രസിഡന്റിനോട് കുഞ്ഞിപ്പാത്തുമ്മ നൽകിയ മറുപടി "ഇങ്ങൾ ആ സ്ഥലം വെറുതെ എടുത്തോളി" എന്നാണ്.
അങ്ങനെ 4 സെന്റ് ഭൂമിയും അങ്ങോട്ടുള്ള വഴിയും സൗജന്യമായി നൽകി.
16 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത് അനുവതിച്ച് ഇന്നതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന വേളയിലാണ് കുഞ്ഞിപ്പാത്തുമ്മയുടെ അപ്രതീക്ഷിത വിയോഗ വാർത്തയെത്തുന്നത്.
സൗജന്യമായി വിട്ട് നൽകിയ ഭൂമിയിൽ കുരുന്നു കുഞ്ഞുങ്ങൾ ഓടി നടക്കുന്ന കാഴ്ച്ച കാണാൻ കഴിയുന്നതിന് മുന്നേ അവർ യാത്രയായി. ഒരു നാടിന്റെ സ്വപ്നം യാഥാർഥ്യമാക്കിയ ആ മഹനീയ വനിതയെ നാട് നന്ദിയോട് ഓർക്കുന്നു. അവരുടെ പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.