✍🏻റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ: പരേതരായ നടുക്കണ്ടത്തിൽ കോയാമു കാക്കയുടെയും ഉമ്മാച്ചക്കുട്ടി ചാച്ചിയുടെയും മരുമകളായി നോർത്ത് കാരശ്ശേരിയിൽ നിന്നുമെത്തിയ കുഞ്ഞി ഫാത്തിമ എന്ന കുഞ്ഞിപ്പാത്തുമ്മ ഭർത്താവ് മഹ്മൂദ് കാക്കയുടെയും 6 മക്കളുടെയും കൂടെ വർഷങ്ങളോളം നടുക്കക്കണ്ടത്തിൽ വീട്ടിൽ താമസിച്ചിരുന്നു. തുടർന്ന് സൗകര്യാർഥം നെല്ലിക്കാപറമ്പിനടുത്ത് കൊത്തനാപറമ്പിലേക്ക് താമസം മാറുകയായിരുന്നു.
അവസാന സന്താനങ്ങളായ ഷമീറിന്റെയും സൽമത്തിന്റെയും ജനനം കൊത്തനാപ്പറമ്പിലായിരുന്നു. റഷീദ്, ഹമീദ്, ഫാത്തിമ, സലീന, കോയാമു, മജീദ് എന്നിവർ ജനിച്ചു വളർന്നതും വിദ്യാഭ്യാസം നേടിയതും നടുക്കണ്ടത്തിൽ നിന്നുക്കൊണ്ടായിരുന്നു.
പുഴയും തോണിയും മീൻപിടുത്തവും തെരുപ്പം കെട്ടുമായി സജീവമായിരുന്ന മഹ്മൂദ് കാക്കക്ക് താങ്ങും തണലുമായിരുന്നു പരേത. പ്രദേശത്തെ മുങ്ങൽ വിദഗ്ദൻ കൂടിയായിരുന്ന അദ്ദേഹം 82-ലെ തെയ്യത്തും കടവ് തോണിയപകടത്തിൽ പെട്ടവരുടെ തിരച്ചിലിന്നായി മുൻ പന്തിയിലുണ്ടായിരുന്നു. ഏത്തക്കല്ലിങ്ങൽ ഭാഗത്തു നിന്നും ബി.പി മൊയ്തീന്റെ മൃതദേഹം പുറത്തെടുത്ത അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് രണ്ട് ദശകം പിന്നിട്ടു.
വർഷം തോറും വർഷക്കാലത്ത് വിരുന്നെത്തുന്ന കൊങ്ങം വെള്ളത്തെ മനമില്ലാമനസ്സോടെ എതിരേറ്റവരായിരുന്നു നടുക്കണ്ടത്തിൽ കുടുംബം. പനന്തണ്ട് തല്ലിച്ചതച്ച് കയർ പിരിച്ച് കട്ടിലും ഉരലും മറ്റും മുറ്റത്തെയും കണ്ടത്തിലെയും മരങ്ങളിൽ കെട്ടിയിടുമായിരുന്നു. ആ സന്ദർഭത്തിൽ വീട്ടു സാമാനങ്ങൾ സുരക്ഷിതമാക്കി വെക്കുക എന്നത് വീട്ടമ്മമാരുടെ ഭാരിച്ച ചുമതലയായിരുന്നു.
മൂത്ത മകൻ റഷീദും ഞാനും സഹപാഠികളായിരിക്കെ തൊട്ടടുത്തുള്ള മദ്രസയിൽ വെള്ളം കയറുമ്പോൾ ബെഞ്ചും ഡെസ്ക്കും മേശയും മറ്റും കെട്ടിയിടുകയും അവസാനം തണുത്ത് വിറങ്ങലിച്ച നിലയിൽ നടുക്കണ്ടത്തിലേക്ക് കയറി ചെല്ലുമ്പോൾ കട്ടൻ ചായയും വെളളപ്പൊക്കം കാരണം മൂപ്പെത്താതെ പറിച്ചെടുത്ത പൂളപ്പുഴുക്കും തരുമായിരുന്നു.
രാത്രി മദ്രസാ സമയത്ത് വെളളം കുടിക്കാൻ പോകുമ്പോൾ കൈ നിറയെ അവിടെ മാത്രം കണ്ടു വന്നിരുന്ന നെല്ലിക്കാപ്പുളിയും സമ്മാനിക്കുമായിരുന്നു. മദ്രസാധ്യാപകൻമാർക്ക് ഒരുപാടു കാലം പത്തു മണിക്കഞ്ഞിയും കൂട്ടാനും വെച്ചു വിളമ്പിയിട്ടുണ്ട് അവർ. രാത്രികാല മദ്രസയിൽ കറണ്ടു പോയാൽ മൂന്നു നീണ്ട വാലുകളുളള മണ്ണെണ്ണ വിളക്ക് ഞങ്ങൾക്ക് നൽകി വായനക്ക് സൗകര്യം ചെയ്തു തന്നിരുന്നതും ആ മഹതിയായിരുന്നു.
ആൺ മക്കളിൽ ഹമീദിനും കോയാമുവിനും നടുക്കണ്ടത്തിൽ വിട്ടു പോവാൻ തീരെ പൂതിയില്ലായിരുന്നു. അവസാനം മനമില്ലാമനസ്സോടെ കോയാമു കൊത്തനാപറമ്പിലേക്ക് തിരിച്ചെങ്കിലും ഹമീദ് കൊടിയത്തൂരിലെ കച്ചവടക്കാരനായി നടുക്കണ്ടത്തിൽ ഭാഗത്ത് തന്നെ തങ്ങി. അതുക്കൊണ്ട് ഇടക്കിടക്ക് കുഞ്ഞി ഫാത്തിമക്ക് തന്റെ പഴയ കാല അനുഭവങ്ങൾ അയവിറക്കാനും വിശ്രമിക്കാനും 'നടുക്കണ്ടത്തിൽ' ഒരിടമായി മാറുകയുമുണ്ടായി.
രണ്ടു മാസം മുമ്പ് എളച്ചൻ എൻ.കെ കാക്കയുടെയും ഭാര്യ ആമിനയുടെയും ഉംറ യാത്രയയപ്പിന്നായി നടുക്കണ്ടത്തിൽ എത്തിയിരുന്നു. സൗമ്യ സ്വഭാവത്തിന്റെയും ദാനശീലത്തിന്റെയും പര്യായമായിരുന്നു അവർ. നോർത്ത് കാരശ്ശേരിയിലെ അങ്കണവാടി കെട്ടിടത്തിന് ആവശ്യമായ നാലു സെന്റ് സ്ഥലം കാശിന് അന്വേഷിക്കാൻ അധികൃതർ എത്തിയപ്പോൾ അത് നല്ലൊരു കാര്യമായതിനാൽഎന്റെ വക ഫ്രീ ആയിക്കോട്ടെ എന്ന് പറഞ്ഞ് വിട്ടു കൊടുക്കുകയായിരുന്നു അവർ.
പരേതക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകുകയും, മഗ്‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
കുടുംബത്തിനും ബന്ധുമിത്രാദികൾക്കും ക്ഷമയുടെ പ്രതിഫലം വർധിപ്പിച്ചു ക്കൊടുക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ