തിരുവനന്തപുരം: കാസര്‍കോട്ട് പെണ്‍കുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് ഇന്നു മരിച്ചത്. കാസര്‍കോടെ ഹോട്ടലില്‍ നിന്ന് കുഴിമന്തി ഓണ്‍ലൈനില്‍ വരുത്തികഴിച്ചതിനു പിന്നാലെയാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇന്നു രാവിലെയാണ് മരിച്ചത്.
മരണത്തില്‍ ബന്ധുക്കള്‍ മേല്‍പ്പറമ്ബ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുഴിമന്തി കഴിച്ചതിനു പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഡിസംബര്‍ 31നാണ് അഞ്ജുശ്രീയും കുടുംബവും ഓണ്‍ലൈനില്‍ ഭക്ഷണം വരുത്തി കഴിച്ചത്. ഇതിനു പിന്നാലെ അവശത അനുഭവപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.