കോഴിക്കോട്: ശശി തരൂരിനെ പിന്തുണച്ച് സമസ്തയും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് തരൂരിന്‍റേത്. തരൂരിനോട് നല്ല സമീപനമാണ് സമസ്തയ്ക്കുള്ളതെന്നും സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. മലബാര്‍ പര്യടനം നടത്തുന്ന തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.
‘‘സമുദായ സംഘടനകളെ കോൺഗ്രസിനൊപ്പം നിർത്താനാണ് തരൂർ ശ്രമിക്കുന്നത്. കോൺഗ്രസിലെ മറ്റുള്ളവർ ചെയ്യാത്തതാണ് അദ്ദേഹം ചെയ്യുന്നത്. തരൂരിന്റെ സന്ദർശനം കോൺഗ്രസിനെ ശക്തിപ്പെടുത്തും. തരൂരിനെപ്പോലെയുള്ളവർ വിശ്വപൗരന്മാരാണല്ലോ. ലോകത്തെ മനസ്സിലാക്കി അതിൽനിന്ന് ഉൾക്കൊണ്ട പല അറിവുകളും തരൂരിനുണ്ട്. കോൺഗ്രസിനെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.
എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിൽ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്നു കരുതുന്നില്ല. നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പറയും’’- ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അദ്ദേഹത്തിന്റെ ഓഫിസിൽ എത്തിയാണ് തരൂര്‍ കണ്ടത്. തെക്കൻ കേരളത്തിൽ സമുദായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് തരൂരിന്റെ മലബാറിലേക്കുള്ള രണ്ടാം വരവ്. നടന്നത് സൗഹാർദ്ദ കൂടിക്കാഴ്ച മാത്രമാണെന്ന് തരൂരും വ്യക്തമാക്കിയിട്ടുണ്ട്.