Trending

തേനീച്ച ഒരു ഭീകരജീവിയാണ്; പ്രശ്നം കൂട്ടമായ ആക്രമണം, ശ്രദ്ധിക്കേണ്ടത്.



തേനിനു നല്ല മധുരമാണെങ്കിലും തേനീച്ച അത്ര പാവം ജീവിയൊന്നുമല്ല. കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നു പേരാണു തേനീച്ചയുടെ കുത്തേറ്റു മരിച്ചത്. പരുക്കുകൾ മൂലം ചികിത്സ തുടരുന്നവരുമേറെ. തേനീച്ചയുടെ കുത്ത് പതിവാണെങ്കിലും കൂട്ടമായി ആക്രമിക്കുന്നതാണു മരണത്തിന് കാരണമാകുന്നത്. കുത്തേറ്റതുമായി ബന്ധപ്പെട്ട് ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളാണ് മരണകാരണം.

കൂട്ടമായ ആക്രമണം ആണു പ്രശ്നം:

തേനീച്ചയുടെ കുത്തേൽക്കുമ്പോൾ ശരീരത്തിലേക്ക് വിവിധതരം എൻസൈമുകൾ, അമൈനുകൾ എന്നിവ പ്രവേശിക്കും. തേനീച്ചകൾ കൂട്ടമായി ആക്രമിക്കുമ്പോൾ കൂടുതൽ സ്രവം അകത്തേക്കു കയറും. കണ്ണ്, നാക്ക്, വായ് എന്നിവിടങ്ങളിൽ കുത്തേൽക്കുമ്പോൾ അതൽപം രൂക്ഷമാകും. തേനീച്ചകൾ കുത്തുമ്പോൾ‍ കൊമ്പ് ഒടിഞ്ഞ് ശരീരത്തിൽ കയറുകയാണു ചെയ്യുക. കൊമ്പിനൊപ്പം തന്നെ വിഷസഞ്ചിയും വയറിന്റെ കുറച്ചുഭാഗവും കൂടി ഉണ്ടാകും.

തേനീച്ച കുത്തിയാൽ അലർജിയാണു പലർക്കും ഉണ്ടാകുന്ന പ്രശ്നം. രണ്ടോ മൂന്നോ തേനീച്ചകളാണെങ്കിൽ വേദന, ചുവന്നു തടിക്കൽ ചെറിച്ചിൽ , അസ്വസ്ഥത എന്നിവയാണ് ഉണ്ടാകുക. കൂടുതൽ കുത്തേൽക്കുന്നവർക്ക് തലകറക്കം, ബോധം നഷ്ടപ്പെടൽ, ചുമ, ഛർദി, ശരീരമാകെ ചുവന്നുതടിക്കൽ, ശരീരം നീലനിറമാകൽ എന്നിവ ഉണ്ടാകും. ശ്വാസതടസ്സം, ശ്വാസനാളിയിൽ നീർവീക്കം, രക്തസമ്മർദം എന്നിവയും സംഭവിക്കാറുണ്ട്. പലപ്പോഴും ഹൃദയത്തിന്റെയും വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നതാണു മരണത്തിനു കാരണമാകുന്നത്.

ശ്രദ്ധിക്കേണ്ടത്:

കൂടുതൽ കുത്തേൽക്കാതിരിക്കാൻ ജാഗ്രത കാണിക്കുകയാണു പ്രധാനം. രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശ്വസനപ്രക്രിയയും ഹൃദയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കാതിരിക്കാൻ പ്രാഥമിക ശുശ്രൂഷ നൽകാം. നീരുണ്ടെങ്കിൽ കുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കാം. ആശുപത്രിയിൽ വച്ചല്ലാതെ കൊമ്പുകൾ എടുത്തുകളയാൻ ശ്രമിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകുന്നതായി കണ്ടിട്ടുണ്ട്. പലപ്പോഴും കൊമ്പ് ഒടിയുന്നതിനും കൊമ്പിനൊപ്പമുള്ള വിഷസഞ്ചിയി‍ൽ മർദ്ദമേറ്റ് കൂടുതൽ വിഷം പ്രവഹിക്കാനും സാധ്യതയുണ്ട്. രോഗി മദ്യപിക്കാനോ പുകവലിക്കാനോ പാടില്ല. നാട്ടുചികിത്സയും ദോഷമാകും. കുട്ടികൾക്കും മുതിർന്നവർക്കും ഗർഭിണികൾക്കും കുത്തേറ്റാൽ ഏറെ ശ്രദ്ധിക്കണം.

തേനീച്ചയെ തുരത്താൻ വഴിയില്ല:

ജനവാസ മേഖലയിൽ കൂടുകൂട്ടിയ തേനീച്ചകളെ തുരത്താൻ‌ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന പ്രശ്നം. അഗ്നിരക്ഷാ സേനയെയും വനംവകുപ്പിനെയും വിവരം അറിയിക്കുമെങ്കിലും തേനീച്ചയെ തുരത്താനുള്ള സംവിധാനങ്ങൾ അവർക്കും ഇല്ല. മുൻകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ തേനെടുക്കാനായി വിദഗ്ധരായിട്ടുള്ള തൊഴിലാളികൾ വന്നിരുന്നു. ഗോത്രവിഭാഗക്കാരായ ചിലർ കൂടുകൾ നശിപ്പിക്കുന്നതിൽ വിദഗ്ധരാണ്. കഴിയുന്നതും തേനീച്ചയുടെ ആവാസവ്യവസ്ഥയിലേക്കു കടക്കാതെ നോക്കുകയാണു കുത്തേൽക്കാതിരിക്കാനുള്ള പ്രധാനവഴി. കുത്തേൽക്കാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ സംരക്ഷണം കിട്ടുന്ന തരത്തിൽ കയ്യും കാലുകളും നെഞ്ചും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. അടച്ചിട്ടിരിക്കുന്ന മുറികൾ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കുക. കാട്ടിലേക്കു പോകുന്നവർ സുഗന്ധമുണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. 

സർക്കാരിൽ നിന്ന് സഹായം:

കടന്നലിന്റെയും തേനീച്ചയുടെയും കുത്തേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം സർക്കാരിൽ നിന്നു നഷ്ടപരിഹാരം ലഭിക്കും. പരുക്കേൽക്കുന്നവർക്കു ചികിത്സച്ചെലവു നൽകും. പരുക്കേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരം പരമാവധി ഒരു ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. പട്ടികവർഗക്കാർക്കു ചികിത്സയ്ക്കു ചെലവാകുന്ന മുഴുവൻ തുകയും ലഭിക്കും. സാധാരണയായി വന്യജീവി ശല്യത്തിനെതിരായ അപേക്ഷ നൽകുന്ന പോലെ തന്നെയാണ് തേനീച്ച മൂലമുണ്ടാകുന്ന നഷ്ടത്തിനും അപേക്ഷ നൽകേണ്ടത്. വിവരങ്ങൾ വനംവകുപ്പ് ഓഫിസുകളിൽ ലഭിക്കും.
Previous Post Next Post
Italian Trulli
Italian Trulli