കോഴിക്കോട്: ഈ മാസം 30, 31 തീയതികളിൽ ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ അഖിലേന്ത്യ പണിമുടക്ക്. സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ആണ് പണിമുടക്കിന് നോട്ടീസ് നൽകിയത്. യു.എഫ്.ബി.യു ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടി എടുക്കുന്നതിലും ചർച്ചകളിൽ പുരോഗതി ഉണ്ടാക്കുന്നതിലും ബാങ്ക് മാനേജ്മെന്റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) പുലർത്തുന്ന നിസ്സംഗതയും മൗനവുമാണ് പണിമുടക്കാഹ്വാനത്തിന് കാരണമായി പറയുന്നത്
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം, മുമ്പ് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണം, ഇടപാടുകാർക്കുള്ള സേവനം മെച്ചപ്പെടുത്താൻ എല്ലാ ഒഴിവുകളിലും നിയമനം, പുതിയ പെൻഷൻ സമ്പ്രദായം പിൻവലിച്ച് പഴയത് പുനഃസ്ഥാപിക്കൽ, കാലാവധി പൂർത്തിയായ ശമ്പള കരാർ പുതുക്കാൻ അവകാശപത്രികയുടെ അടിസ്ഥാനത്തിൽ ഉടൻ നടപടി എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
28ന് നാലാം ശനിയും 29ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. അടുത്ത രണ്ട് ദിവസം പണിമുടക്കും ഉണ്ടായാൽ തുടർച്ചയായി നാല് ദിവസം രാജ്യത്ത് ബാങ്കുകളുടെ പ്രവർത്തനം നിലക്കും.
Tags:
INDIA