Trending

ബസ് സർവീസിന് റെഡ് സിഗ്നലിട്ട് ആർ.ടി.ഒ; 35 കോടിയുടെ എളമരം കടവ് പാലം നോക്കുകുത്തി.



എടവണ്ണപ്പാറ: മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് 35 കോടി രൂപ ചെലവിൽ നിർമ്മിച്ച എളമരം കടവ് പാലം ഗതാഗതത്തിന് തുറന്ന് ഏഴ് മാസം പിന്നിട്ടിട്ടും ബസ് സർവീസിന് അനുമതിയേകാതെ നാട്ടുകാരെ ചുറ്റിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ. കോഴിക്കോട്, മലപ്പുറം ആർ.ടി ഓഫീസുകളിൽ ബസ് സർവീസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ആറ് അപേക്ഷകളിൽ അനുമതി നൽകിയിട്ടില്ല. കോഴിക്കോട് ആർ.ടി ഓഫീസിൽ സമർപ്പിക്കപ്പെട്ട നാല് അപേക്ഷകൾ പഠനം വേണമെന്ന് പറഞ്ഞ് മാറ്റിവയ്ക്കുകയും മറ്റ് രണ്ട് പെർമിറ്റ് അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാതെ മലപ്പുറം ആർ.ടി.ഒയ്ക്ക് വിടുകയുമായിരുന്നു.

എടവണ്ണപ്പാറ - മാവൂർ, കൊണ്ടോട്ടി - എടവണ്ണപ്പാറ - മാവൂർ - കോഴിക്കോട്, എടവണ്ണപ്പാറ - മാവൂർ - കൊടുവള്ളി, അരീക്കോട് - എടവണ്ണപ്പാറ - മാവൂർ - കോഴിക്കോട്, എടവണ്ണപ്പാറ - മാവൂർ - മുക്കം എന്നിങ്ങനെയാണ് പെർമിറ്റിന് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ മേയിൽ പാലം ഉദ്ഘാടനം ചെയ്തപ്പോൾ തന്നെ ബസ് റൂട്ട് ആവശ്യപ്പെട്ട് ഉടമകൾ കോഴിക്കോട്, മലപ്പുറം ആർ.ടി ഓഫീസുകളിൽ അപേക്ഷിച്ചിരുന്നു. ആർ.ടി.ഒ യോഗം ചേരുന്നതോടെ അപേക്ഷകളിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.

പാലം വരുംമുമ്പ് കടത്തുതോണികളായിരുന്നു ആശ്രയം. പാലം വന്നതോടെ തോണി സർവീസ് നിലച്ചു. പാലം വഴി മറ്റ് വാഹനങ്ങളെല്ലാം സർവീസ് നടത്തുമ്പോഴും ബസ് സർവീസ് മാത്രം നീളുകയാണ്. ചാത്തമംഗലം പഞ്ചായത്ത് അനുവദിച്ച ഗ്രാമവണ്ടിയുടെ ഒരു സർവീസ് മാത്രമാണ് പാലം വഴി കടന്നുപോകുന്നത്. പാലം വഴി ഉടൻ ബസ് സർവീസിന് അനുമതിയേകണമെന്ന് ആവശ്യപ്പെട്ട് എളമരം ജനകീയ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം എട്ടിന് വൈകിട്ട് നാലിന് പാലം പരിസരത്ത് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളായ സലാം എളമരം, ടി.പി ഇസ്മായിൽ, കളത്തിൽ അബ്ദുറഹ്മാൻ, പി.എ മജീദ്, കെ.ടി സൽമാൻ എന്നിവർ അറിയിച്ചു.

അറിയേണ്ടത് ⬇️

ചാലിയാറിന് കുറുകെ എളമരം കടവിൽ നിർമ്മിച്ച പാലം വാഴക്കാട് പഞ്ചായത്തിലെ എളമരത്തെയും കോഴിക്കോട് ജില്ലയിലെ മാവൂരിനെയും ബന്ധിപ്പിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.

കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 35 കോടി രൂപ ചെലവിട്ട് 350 മീറ്റർ നീളത്തിലാണ് നിർമ്മിച്ചിട്ടുള്ളത്.

പാലം മുതൽ എടവണ്ണപ്പാറ വരെയുള്ള 2.8 കിലോമീറ്റർ അപ്രോച്ച് റോഡും മറുഭാഗത്ത് പാലം മുതൽ മാവൂർ വരെയുള്ള ഒരു കിലോമീറ്റർ അപ്രോച്ച് റോഡിന്റെയും നിർമ്മാണമടക്കം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്.

എളമരം, അരീക്കോട് കൊണ്ടോട്ടി ഭാഗത്തുള്ളവർക്ക് കോഴിക്കോട് മെഡിക്കൽ കോളേജ്, എൻ.ഐ.ടി, കുന്നമംഗലം, വയനാട് ഭാഗങ്ങളിലേക്കും കുന്നമംഗലം, താമരശേരി, വയനാട് ഭാഗത്ത് നിന്നുള്ളവർക്ക് കരിപ്പൂർ വിമാനത്താവളം, മലപ്പുറം, പാലക്കാട് മേഖലകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന റൂട്ടാണിത്.
Previous Post Next Post
Italian Trulli
Italian Trulli