മുംബൈ : ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 48-ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു.
മുംബൈയിലെ ഒരു മാര്‍വാഡി കുടുംബത്തിലാണു രാകേഷ് ജുന്‍ജുന്‍വാലയുടെ ജനനം. മുംബെയിലെ ഇന്‍കം ടാക്സ് ഓഫീസില്‍ കമ്മീഷണറായിരുന്നു പിതാവ്. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയില്‍ നിന്നു ബിരുദം നേടിയതിനു ശേഷം അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. ഭാര്യയും മൂന്ന് മക്കളുമാണുള്ളത്.
കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനായ ആകാശ എയറിന്റെ ലോഞ്ചിംഗിലായിരുന്നു ജുന്‍ജുന്‍വാല അവസാനമായി പൊതുവേദിയില്‍ എത്തിയത്.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഏറെ നാളെ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വീല്‍ചെയറിലായിരുന്നു അവസാന നാളുകളില്‍ അദ്ദേഹം.
മുംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയിട്ടുള്ള ഇന്ത്യന്‍ ഇക്വിറ്റി ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളാണ് ജുന്‍ജുന്‍വാല. 'ബിഗ് ബുള്‍' എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2020 ലെ ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 48 -മതാണ് അദ്ദേഹത്തിന്റെ സ്ഥാനം. മാന്ത്രിക സ്പര്‍ശമുള്ള നിക്ഷേപകന്‍ എന്നാണ് ഫോബ്സ് ജുന്‍ജുന്‍വാലയെ വിശേഷിപ്പിച്ചത്.