കോഴിക്കോട് : ജില്ലയില്‍ ദേശീയപാത വികസനം 2024ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദേശീയപാത അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.
മൂരാട് പാലം അടുത്ത വര്‍ഷം മാര്‍ച്ചിലും അഴിയൂര്‍ വെങ്ങളം, വെങ്ങളം രാമനാട്ടുകര റീച്ചുകള്‍ 2024 ഏപ്രിലിലും പൂര്‍ത്തിയാക്കും. പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ കോഴിക്കോടിന്റെ മുഖഛായ മാറും. കേരളത്തില്‍ ദേശീയപാത വികസനം 2025 ല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
2026 ഓടെ 30000 കിലോമീറ്റര്‍ വരുന്ന പൊതുമരാമത്ത് റോഡുകളുടെ 50 ശതമാനം ബി.എം ആന്‍ഡ് ബി.സിയാക്കും. റോഡ് പ്രവൃത്തി നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കും. കാലാവസ്ഥയനുസരിച്ച് പ്രവൃത്തി തുടങ്ങുന്ന തരത്തില്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ഏകീകരിക്കുന്ന രീതിയിലാണ് കലണ്ടര്‍ തയ്യാറാക്കുക.
റോഡുകളിലെ കുഴിയടയ്ക്കാനും നിരന്തരമായ പരിശോധന നടത്താനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതായും അവ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ നിലവിലെ പ്രശ്‌നങ്ങള്‍ കളക്ടറും ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്യും. ദേശീയപാതയില്‍ രണ്ടര കിലോമീറ്റര്‍ ഇടവിട്ട് അണ്ടര്‍പാസോ ഓവര്‍ ബ്രിഡ്‌ജോ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തതകള്‍ പരിഹരിക്കുമെന്നും സര്‍വീസ് റോഡിനെ തദ്ദേശ റോഡുമായി ബന്ധിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസര്‍ ബി.എല്‍ മീണ പറഞ്ഞു.