കോഴിക്കോട് : ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും അനുബന്ധ ലിബറല്‍ കാഴ്ചപ്പാടുകളും വിദ്യാഭ്യാസ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളിലും സമൂഹത്തിലും ഗൗരവമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആശയമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവികവും പ്രകൃതിപരവുമായ വ്യതിരിക്തതകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ജെന്‍ഡര്‍ കണ്‍ഫ്യൂഷനുള്ള ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുക. ഇത് നമ്മുടെ സംസ്‌കാരത്തിനും മനുഷ്യത്വത്തിനും എതിരാണ്.
ന്യൂട്രാലിറ്റി നടപ്പില്‍ വരുത്തിയ പാശ്ചാത്യന്‍ നാടുകളില്‍ സംഭവിച്ച അപകടങ്ങള്‍ തിരിച്ചറിയണം. തുറന്ന ലൈംഗികതയിലൂടെ പാശ്ചാത്യര്‍ അനുഭവിച്ച അരാജകത്വത്തില്‍ നിന്നും അവര്‍ തിരിച്ചു നടക്കുകയാണ്. യൂണിഫോറം ഏകീകരണം ഉള്‍പ്പെടെയുള്ള ഇത്തരം അപ്രായോഗികവും അശാസ്ത്രീയവുമായ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാന്‍ വിദ്യാലയങ്ങള്‍ പരീക്ഷണശാലകളാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. കരിക്കുലത്തില്‍ നിര്‍ദ്ദേശിക്കുന്ന സ്‌കൂള്‍ പഠനസമയമാറ്റം മദ്‌റസ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ അത്തരം നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്താനുള്ള ഏത് പദ്ധതികളെ സംബന്ധിച്ചും ബന്ധപ്പെട്ട സാമൂഹിക, വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സെയ്ദലവി മാസ്റ്റര്‍, വി എം കോയ മാസ്റ്റര്‍, വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, അഡ്വ. ഇസ്മാഈല്‍ വഫ, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സംബന്ധിച്ചു.
Tags:
KERALA