തിരുവനന്തപുരം : ഓണക്കിറ്റിൽ ഇക്കുറി വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷൻ കട വഴി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിത്. ചിങ്ങം ഒന്നിനു ശേഷം കിറ്റ് വിതരണം ആരംഭിക്കും.
ആദ്യം അന്ത്യോദയ കാർഡുടമകൾക്കാണ് നൽകുക. പിന്നീട്, പി.എച്ച്.എച്ച് കാർഡ് ഉടമകൾക്കും ശേഷം നീല, വെള്ള കാർഡുകാർക്കും ലഭിക്കും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഏറ്റവുമൊടുവിൽ നാലു ദിവസം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ് പാക്കിങ് നടക്കുന്ന തിരുവനന്തപുരം വഞ്ചിയൂർ സർക്കാർ ഹൈസ്കൂളിലെ കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി.
ഓണക്കിറ്റുകളുടെ പാക്കിങ് പൂർത്തിയായിവരുന്നു. തുണിസഞ്ചിയടക്കം 14 ഉൽപന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്.
കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട ഉൽപന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണയെന്ന് മന്ത്രി പറഞ്ഞു. കൗൺസിലർ രാഖി രവികുമാർ, സപ്ലൈകോ തിരുവനന്തപുരം റീജനൽ മാനേജർ ജലജ ജി.എസ്. റാണി, ഡിപ്പോ മാനേജർ അനിൽകുമാർ.ജെ എന്നിവരും ഉണ്ടായിരുന്നു.
Tags:
KERALA