Trending

പിടിവിടാതെ കോവിഡ്


തിരുവനന്തപുരം: കേരളവും കോവിഡിനൊപ്പം ജീവിക്കുകയാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇപ്പോഴും ഒട്ടും കുറവില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ അതായത്, ആഗസ്റ്റ് ഇതു വരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 119 കോവിഡ് മരണങ്ങളാണ്. 12,897 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 8.76 ആണ്. ഇതു ഗുരുതര സാഹചര്യമാണെന്നും പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തം ആക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് നിർദേശം നൽകിയിട്ടുണ്ട്. കേരളം മുഴുവൻ പനിച്ചും ചുമച്ചും മുന്നോട്ടു പോകുന്ന ഈ സാഹചര്യത്തിൽ പരിശോധിക്കുന്ന മിക്കവരും കോവിഡ് പോസിറ്റിവാണ്.

എന്നാൽ, ആനുപാതികമായി പരിശോധനകൾ ഒരിടത്തും നടക്കുന്നില്ല. പനിയും ജലദോഷവും ചുമയുമായി എത്തുന്നവരെ കോവിഡ് പരിശോധനക്ക് ശിപാർശ ചെയ്യുന്നതും  വിരളമായി. മരണങ്ങൾ വർധിക്കാനും കോവിഡ് വ്യാപകമാകാനും ഇതു കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം, ഇതു വരെയുള്ള കോവിഡ് മരണങ്ങൾ മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുകയാണ്.

മിക്ക വീടുകളിലും ഇപ്പോൾ പനി ബാധിതരുണ്ട്. രോഗം മാറിയാൽ പോലും നീളുന്ന ചുമയും അസ്വസ്ഥതകളും കാരണം പ്രയാസ പെടുകയാണ് പലരും.  ഇപ്പോൾ പകരുന്നത് കോവിഡ് ഒമിക്രോൺ വകഭേദം തന്നെയെന്നും അതിന് ജനിതകമാറ്റം വന്നിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. എന്നാൽ എത്ര പേർക്ക് കേരളത്തിൽ ഒമിക്രോൺ ബാധിച്ചു എന്നതിന് ആരോഗ്യ വകുപ്പിൽ ഒരു കണക്കും ഇല്ല.

Previous Post Next Post
Italian Trulli
Italian Trulli