ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നതിനൊപ്പം അത് പരിചരിക്കുന്നതിന് കൂടി ശ്രദ്ധ പതിപ്പിക്കണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ.
മൂന്നര ഏക്കറിൽ ഒരുങ്ങുന്നത് ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, നക്ഷത്ര വനം, പച്ചക്കറി തോട്ടം, ദശപുഷ്പതോട്ടം എന്നിവ.
കൊടിയത്തൂർ : ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ജില്ലയിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാണ്. പദ്ധതിയുടെ ഉദ്ഘാടനം പന്നിക്കോട് ശ്രീ കൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്ര പരിസരത്ത് ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നതിനൊപ്പം അത് പരിപാലിക്കുന്നതിലും ശ്രദ്ധ വേണമെന്ന് എം എൽ എ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് അധ്യക്ഷയായി.
ഹരിത കേരള മിഷൻ്റെ പച്ച തുരുത്ത് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതി പ്രകാരം
പരമ്പരാഗതമായ ക്ഷേത്രങ്ങളിലെ കാവുകൾ പുനരുജ്ജീവിപ്പിക്കുക, ക്ഷേത്രങ്ങളിലെ ഉത്സവസമയത്തേക്കാവശ്യമായ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് നഴ്സറിയിൽ സ്വയം ഉൽപ്പാദിപ്പിച്ച ഔഷധസസ്യങ്ങളും ഫലവൃക്ഷതൈകളും, സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻ്റ്, കൃഷി വകുപ്പ് എന്നിവർ നൽകുന്ന തൈകളളും ഉൾപ്പെടെ ഏഴായിരത്തോളം തൈകൾ വെച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
തൊഴിലുറപ്പ് തൊഴിലാളികളും എൻ എസ് എസ് വളണ്ടിയർമാരുമാണ് തൈകളുടെ പരിചരണം ഏറ്റെടുത്തിരിക്കുന്നത്. ചെത്തി, മന്ദാരം, തുളസി, പിച്ചകം ഉൾപ്പെടെയുള്ള ദശപുഷ്പങ്ങളും കൃഷി ചെയ്യുന്നുണ്ട്.
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന ആസാദി ക അമൃത് മഹോത്സത്തിൻ്റെ ഭാഗമായി പ്രദേശത്ത് അരയേക്കറോളം സ്ഥലത്ത് മുരിങ്ങകൃഷിയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്നുണ്ട്.
ക്ഷേത്രത്തിലെ ഗോക്കൾക്കായി തീറ്റപ്പുൽകൃഷിയും പദ്ധതിയുടെ ഭാഗമായുണ്ട്. കന്നുകാലികൾ ഉൾപ്പെടെ കയറി കൃഷി നശിപ്പിക്കാതിരിക്കാൻ സ്ഥലത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കും.
ഹരിത കേരള മിഷൻ ജില്ല കോ ഓഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി,
സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി റിയാസ്,
ആയിഷ ചേലപ്പുറത്ത്, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദീറ, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബാബു പോലുകുന്ന്, പഞ്ചായത്ത് സെക്രട്ടറി കെ ഹരിഹരൻ ദേവസ്വം ബോർഡ് അസി. കമ്മീഷണർ ബിനീഷ്, മലബാർ ദേവസ്വം ബോർഡ് മെമ്പർ സുഭാഷ്, എം.മുഹമ്മദ്, എം.ജോഷിൻ, ഡോ. പ്രിയ, കെ.ടി ഫെബിദ, സഹീർ, ദാമോദരൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, പരപ്പിൽ ഹരിദാസൻ, സുനിൽ, ബാബു മൂലയിൽ, ബഷീർ പാലാട്ട്, കേശവൻ നമ്പൂതിരി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, പി. ഉപ്പേരൻ, എം.കെ അഭിഷേക് പണിക്കർ, ഗോപാലൻ ഉച്ചക്കാവ് തുടങ്ങിയവർ സംസാരിച്ചു.
ഐ. ശങ്കരനാരായണൻ സ്വാഗതവും വിജയൻ പൊലുകുന്നത്ത് നന്ദിയും പറഞ്ഞു.