Trending

ഉത്സവലഹരിയിലിന്ന് കക്കാട് തൂക്കുപാലം


✍️ ഗിരീഷ് കാരക്കുറ്റി

വെള്ളരിമലയിൽ നിന്നും അറബിക്കടലിനെ ബന്ധിപ്പിക്കുന്ന വെള്ളിയരഞ്ഞാണത്തിന്റെ തിളക്കമിനി കക്കാടമ്മലിലെ മംഗലശ്ശേരി കടവിലെ തൂക്കുപാലത്തിൽനിന്നും കണ്ടാസ്വദിക്കാം.

കക്കാട്, കാരശ്ശേരി, ചേന്ദമംഗല്ലൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കക്കാട് തൂക്ക് പാലത്തിൻ്റെ ഉത്ഘാടനം ഇന്ന് (14- 08 - 2022 ഞായറാഴ്ച 3 pm ബഹു: മന്ത്രി എം.വി . ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുകയാണ് . ഇരുകരകളിലെയും ജനങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ താങ്കളും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കേണമെന്ന്  സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു...

ഇന്നാണ് കക്കാട്,കാരശ്ശേരി ചേന്നമംഗലൂർ നിവാസികളുടെ ചിരകാല സ്വപ്നത്തിന്റെ യവനിക വീഴുന്നതും പുതിയ പ്രതീക്ഷകൾക്ക് ചിറകുമുളക്കുന്നതും.

മൂക സാക്ഷിയായ കുണ്ടുംകടവിന് കഥകളേറെ പറയാനുണ്ടാവും.കുണ്ടും കടവിലെ പരേതയായ ആമിനതാത്ത  വർഷങ്ങളോളം ഇരുവഴിഞ്ഞി പുഴയിലെ കുഞ്ഞോളങ്ങളെയും കുത്തൊഴുക്കിനെയും മുറിച്ച് കടന്ന്, അമരത്തിരുന്ന് പങ്കായം പിടിച്ചു നിരവധി ആളുകളെ കരക്കെത്തിച്ചിരുന്നു.  കോരിച്ചൊരിയുന്ന മഴയെത്തും ആമിന താത്ത കുണ്ടുംകടവിൽ കാത്തിരിക്കും ആളുകൾ നീട്ടി വലിച്ചെറിയുന്ന ചില്ലികാശുകൾക്ക് വേണ്ടിമാത്രമല്ല സേവന താല്പരയായ് .അവർക്ക് ശേഷം കീകിത്താത്തയും പിന്നീട് വർഷങ്ങളോളം കുഞ്ഞോയി കാക്കയും അമരത്തിരുന്ന്  ഒരപകടവും കൂടാതെ ജൈത്രയാത്ര തുടർന്നു.

ഒരിക്കൽ ഗ്രാമപഞ്ചായത്ത് നിയമാനുസൃതം മണൽവാരൽ തുടങ്ങിയപ്പോൾ തൊഴിലാളികളുടെ കലക്ഷൻ  എടുക്കാൻ വേണ്ടി ഈയുള്ളവനും ആ തോണിയിൽ കയറാനുള്ള ഭാഗ്യമുണ്ടായി.അക്കരെയെത്തിയാൽ  കടവിൽ ആറ്റുപുറത്തെ കോയാക്കയുടെ ഈണത്തിലുള്ള സിനിമാ പാട്ടുകളും , നാടൻ തമാശകളും , മണൽ ലോറിക്കാരും ,റൈറ്ററും,ചുമട്ടുതൊഴിലാളികളും കൊറ്റിയമ്മയുടെ സ്നേഹാന്വേഷണവും  ,
ഹംസാക്കയുടെ ചായമക്കാനിയിലെ തമാശകളും പൊട്ടിച്ചിരികളും ,എന്നെ കാണുമ്പോൾ രാഷ്ട്രീയം പറച്ചിലും,മംഗലശ്ശേരി തോട്ടത്തിലെ കളിക്കളത്തിലെ കാൽപന്തുകളിയിലെ രാജാക്കന്മാരും സ്നേഹസമ്പന്നരായ  കീരേട്ടൻ ,മജീദ് കാക്ക,ചെറുവാടി കാക്ക,സുകുമാരേട്ടൻ , കുഞ്ഞോയി കാക്ക, പ്രിയപ്പെട്ട രാജു .തോട്ടത്തിലെ മുഴുവൻ നിവാസികളും . എല്ലാമെല്ലാം മധുരനൊമ്പരങ്ങളായി  ഓർമ്മയിലിന്നും ഒളിച്ചിരിപ്പുണ്ട്.

ആ കുഞ്ഞുതോണിയിലെ യാത്രക്കാരിൽ പലരും ജീവിച്ചിരിപ്പില്ല.ഒന്നുറപ്പാണ് ജീവൻ പണയംവെച്ച് കലിതുള്ളുന്ന ഇരുവഴിഞ്ഞിയുടെ മാറിടത്തിൽ ആടി ഉയലുന്ന തോണിയിലിരുന്ന്  അവരാഗ്രഹിച്ചിട്ടുണ്ടാവും ഒരു തൂക്കുപാലമെങ്കിലും വരണമെന്ന് ,അതിനുവേണ്ടി നിരവധി നിവേദനങ്ങൾ ,മുറവിളികൾ എല്ലാം ഇരുവഴിഞ്ഞിയിലെ ജലരേഖയായി മാഞ്ഞു പോയെങ്കിലും മുൻ എം എൽ എ ജോർജ് എം തോമസ് ഫണ്ട് അനുവദിച്ചു.അന്നത്തെ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയപ്പെട്ട  ജി.അക്ബർ,കാരശ്ശേരി ഗ്രാമപഞ്ചായത്ത് , മുക്കം മുൻസിപ്പാലിറ്റി ഭരണസമിതികൾ . അവരുടെ ഇച്ഛാശക്തിക്കു മുമ്പിൽ നാട്ടുകാരുടെ പ്രതീക്ഷകൾക്ക് ചിറകുമുളച്ചു.അനാർക് ബിൽഡേഴ്സ്  നിർമ്മാണ ചുമതലയേറ്റതോടു കൂടി വേഗത വർദ്ധിച്ചു യാഥാർത്ഥ്യമായി.

ഇടയ്ക്കിടയ്ക്ക്  കലിതുള്ളുന്ന ഇരുവഴിഞ്ഞിയുടെ രൗദ്രഭാവങ്ങളും .ശാന്തമായി തെളിഞ്ഞൊഴുകുന്ന അവളുടെ വിനീതഭാവവും ,കളകള ശബ്ദവും  കണ്ടാസ്വദിക്കാനും പോകാം നമുക്കെല്ലാവർക്കും അവളുടെ ചാരത്തേക്ക്

Previous Post Next Post
Italian Trulli
Italian Trulli