ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്കെതിരേ ഇന്ത്യയുടെ മുന്‍താരം ഗൗതം ഗംഭീര്‍. താരത്തെ ഇനി ഏകദിന ടീമിലേക്ക് പരിഗണിക്കരുതെന്നും ട്വന്റി-20 ടീമില്‍ മാത്രം ഉള്‍പ്പെടുത്തുന്നതാണ് ഉചിതമെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഏഴോ എട്ടോ ഐപിഎല്‍ ഇന്നിങ്‌സുകളുടെ ബലത്തിലാണ് അയ്യരെ ടീമിലെടുത്തത്. ഏകദിന ക്രിക്കറ്റില്‍ കളിക്കാനാവശ്യമായ പക്വത അദ്ദേഹത്തിന് വന്നിട്ടില്ല. ട്വന്റി-20 ടീമില്‍ത്തന്നെ ഓപ്പണിങ്ങിന് അവസരമുണ്ടെങ്കില്‍ മാത്രമേ അയ്യരെ പരിഗണിക്കാവൂ. ഐപിഎല്ലില്‍ അയ്യര്‍ ഓപ്പണറാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മധ്യനിരയിലാണ് കളിക്കുന്നത്. അയ്യരെ തുടര്‍ന്നും ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മധ്യനിരയില്‍ കളിപ്പിക്കാന്‍ ഐപിഎല്‍ ടീമിനോട് ആവശ്യപ്പെടണം. ഗംഭീര്‍ വ്യക്തമാക്കുന്നു.
ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് ടീമിന് പുറത്തായതോടെ പകരക്കാരന്‍ എന്ന നിലയില്‍ ടീമിലെത്തിയ ആളാണ് അയ്യര്‍. ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ കളിച്ച അയ്യര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസീലന്‍ഡിനെതിരേ രണ്ടു ട്വന്റി-20യില്‍ കളിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് ഏകദിനങ്ങളിലും അവസരം ലഭിച്ചു. എന്നാല്‍ രണ്ടു പരമ്പരയിലും ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ താരത്തിന് തിളങ്ങാനായില്ല.
Tags:
INDIA