തൃശൂർ: റിപ്പബ്ലിക് ദിന ഫ്ളോട്ടിൽ കേരളത്തെ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ടയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണണന്റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പിനായുള്ള നുണപ്രചരണം മാത്രമാണെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്
കേരളത്തെ മാറ്റി നിർത്തിയത് ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചതിനാലാണെന്ന നുണ കൊടിയേരി നിർലജ്ജം പറയുകയാണ്. ശ്രീ നാരായണ ഗുരുവിനെ അപമാനിച്ച സി.പി.എമ്മിന്റെ തെറ്റ് മറച്ചുവെക്കാനാണ് കൊടിയേരി ശ്രമിക്കുന്നത്. ശ്രീ നാരായണ ദർശനവും സംഘ പരിവാർ രാഷ്ട്രീയവും ഏച്ചുകെട്ടിയാലും പൊരുത്തപ്പെടാത്തവയാണെന്ന കണ്ടെത്തൽ വിചിത്രമാണ്, ശ്രീ ഗുരുജി ഗോൾവാൾക്കറിന്റെ ആശയധാരയായ വിചാരധാര പുസ്തകത്തിൽ ഇല്ലാത്ത പരാമർശമാണ് കൊടിയേരി പറയുന്നത്. ഗുരുജിയുമായി ബന്ധപ്പെട്ട പരാമർശം തെളിയിക്കാൻ കൊടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുകയാണ്. വെല്ലുവിളി സ്വീകരിക്കുന്നില്ലെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പുപറയാനുള്ള മാന്യത കൊടിയേരി കാണിക്കണമെന്ന് പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ശ്രീ ശങ്കരനും ശ്രീനാരായണ ഗുരുദേവനയെയും അദ്വൈതത്തിന്റെ വക്താക്കളായാണ് ബി.ജെ.പി കണക്കാക്കുന്നത്. മെച്ചപ്പെട്ട ഒരു ടാബ്ലോ രൂപകൽപ്പന ചെയ്ത് ബന്ധപ്പെട്ട സമിതിക്ക് മുമ്പാകെ അവതരിപ്പിച്ച് പ്രദർശനാനുമതി നേടാൻ കേരളത്തിന് അവസരമുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കാതെ വന്നതിന്റെ ജാള്യത മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സർക്കാർ നൽകിയ ഡിസൈനിൽ തന്നെ ശങ്കരാചാര്യരുടെ ശിൽപം ഉണ്ടായിരുന്നു. ശങ്കരാചാര്യരുടെ രൂപം ഉണ്ടായിരുന്നെങ്കിൽ അനുമതി കിട്ടുമായിരുന്നുവെന്ന വാദവും തെറ്റാണ്. മൂന്നാമത്തെ ഡിസൈനായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ രൂപം നിർദ്ദേശച്ചതെന്നും രേഖാപരമായി തെളിവുകളുള്ളതാണ്.
സർക്കാരിന്റെ കഴിവുകേട് ശ്രീനാരായണ ഗുരുവിന്റെ ചിലവിൽ കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവെക്കാനുള്ള കുത്സിത നീക്കം ജനങ്ങൾ തിരിച്ചറിയണം. കേരളത്തിന്റെ ടാബ്ലോ അംഗീകരിക്കാത്തതിനെ കുറിച്ച് ഒരു പരാതി പോലും രേഖാമൂലം നൽകാൻ സാധിക്കാത്തവരാണ് മാധ്യമങ്ങളിൽ വിലപിക്കുന്നത്. ഏതായാലും ശ്രീനാരായണ ഗുരുവിന്റെ രൂപത്തോടൊ അദ്ദേഹത്തിന്റെ ആശയത്തോടൊ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുപോലെ വിദ്വേഷം ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമില്ല. റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയത് ഗുണനിലവാരമില്ലാത്തതിനാൽ ആണെന്ന് ബന്ധപ്പെട്ടവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ വിശദീകരണം ബി.ജെ.പി പുറത്തുവിടുകയാണ്.
Tags:
KERALA