'അർധനഗ്നനായ ഫക്കീർ' എന്ന് ഗാന്ധിജിയെ വിളിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺചർച്ചിലാണ്. അർധനഗ്നനായി സഞ്ചരിക്കുക എന്നത് ഗാന്ധിജി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. ഈ തീരുമാനത്തിന് വേദിയായതാകട്ടെ തമിഴ്നാട്ടിലെ മധുരയും.
നൂറ് വർഷങ്ങൾക്ക് മുൻപ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1921 സെപ്തംബർ 22-ന് മധുരയിലെത്തിയപ്പോഴായിരുന്നു ഗാന്ധിജി വിശ്വപ്രസിദ്ധമായ പുതിയ വേഷം സ്വീകരിച്ചത്. അതിന് തലേന്ന് മദ്രാസിൽ നിന്ന് മധുരയിലേക്കുള്ള തീവണ്ടിയാത്രയാണ് വേഷം മാറ്റിമറിച്ചത്. മദ്രാസിൽ നിന്ന് മധുരയ്ക്ക് പോവുമ്പോൾ അദ്ദേഹം ധരിച്ചിരുന്നത് തലപ്പാവടക്കമുള്ള ഗുജറാത്തികളുടെ ദേശീയ വേഷമായിരുന്നു.പക്ഷേ, ആ തീവണ്ടിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും ഒരു ലങ്കോട്ടി മാത്രമുടുത്ത പാവങ്ങളിൽ പാവങ്ങളായിരുന്നു. ഖാദി ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവരോട് ഗാന്ധിജി സംസാരിച്ചപ്പോൾ ഒരു മുണ്ട് വാങ്ങുന്നതിനു പോലും കാശില്ലാത്തവരാണ് തങ്ങളെന്നായിരുന്നു മറുപടി. ഖാദി വാങ്ങി ധരിക്കാനെങ്ങനെ കഴിയുമെന്നും അവർ ചോദിച്ചു.
ഈ മറുപടി തന്നെ ആഴത്തിൽ ചിന്തിപ്പിച്ചതായി ഗാന്ധിജി പിന്നീടെഴുതി. രാജ്യത്തെ ബഹുഭൂരിപക്ഷം പേരും അർധനഗ്നരായി കഴിയുമ്പോൾ താൻ എങ്ങനെയാണ് ദേഹം മൂടിപ്പൊതിഞ്ഞ് സഞ്ചരിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.1921 സെപ്തംബർ 22-ന് മധുരയിൽ താമസിച്ചിരുന്ന വീട്ടിൽ നിന്നും രാമനാഥപുരത്തേക്ക് പോവാൻ ഗാന്ധിജി ഇറങ്ങിയത് മേൽവസ്ത്രം ഉപേക്ഷിച്ചിട്ടാണ്. കാമരാജ് ശാലയിൽ നെയ്ത്തുകാരുടെ യോഗത്തിൽ പുതിയ വേഷത്തിൽ എത്തുകയും ചെയ്തു. പിന്നീടങ്ങോട്ട് സ്ഥിരം വേഷം ഇതുതന്നെയായിരുന്നു. എന്നാലതു പക്ഷേ, ഒരിക്കൽപോലും തന്റെ അനുയായികളുടെ മേൽ അടിച്ചേല്പിക്കാൻ ഗാന്ധിജി ശ്രമിച്ചതുമില്ല.മുട്ടോളമെത്തുന്ന ഒറ്റമുണ്ട് തറ്റുടുത്തും , മറ്റൊരു മുണ്ട് പുതച്ചും , തല മുണ്ഡനം ചെയ്തും നമുക്കു ചിരപരിചിതമായ രൂപത്തിലേക്കു മഹാത്മാ ഗാന്ധി മാറിയിട്ട് ഏകദേശം 100 വർഷമായി. ബ്രിട്ടനിൽ നടന്ന വട്ടമേശസമ്മേളനത്തിലും ഇതേ വേഷത്തിലാണ് ഗാന്ധിജി പങ്കെടുത്തത്. ബക്കിങ്ങാം കൊട്ടാരത്തിലും ധരിച്ചത് അതേ വേഷം. ഇതിൽ അസ്വസ്ഥനായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ 'അർധനഗ്‌നനായ ഫക്കീർ' എന്നു ഗാന്ധിജിയെ പരിഹസിച്ചു വിളിച്ചത് . വിൻസ്റ്റൺ ചർച്ചിൽ പരിഹസിച്ച ആ വേഷമാണ് പിന്നീട് ഇന്ത്യയൊട്ടാകെയുള്ള സാധാരണക്കാരുടെ മനസ്സ് സ്വന്തമാക്കാൻ ഗാന്ധിജിക്കു കരുത്തായത്.
ആരായിരുന്നു ചർച്ചിൽ..?
1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്ര തന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ ചർച്ചിൽ .ഒരു പ്രമുഖ രാഷ്ട്രീയ നേതാവും ,
പ്രാസംഗികനും , തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു.ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും , ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.നോബൽ സമ്മാനം ലഭിച്ച ഏക ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് അദ്ദേഹം.വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചർച്ചിൽ ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി എന്ന പദവിയിൽ നിയമിക്കപ്പെട്ടു.1940 മെയ് മാസത്തിൽ നെവിൽ ചേംബർലെയ്ൻ രാജിവയ്ച്ചതിനെത്തുടർന്ന് ചർച്ചിൽ യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ പ്രധാനമന്ത്രിയും ആയി.
അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും , ജനതയെയും ചർച്ചിൽ നയിച്ചു. യുദ്ധക്കെടുതിയിലാണ്ട സഖ്യശക്തികൾക്ക് ചർച്ചിലിന്റെ പ്രസംഗങ്ങൾ ഉത്തേജനം പകർന്നു.1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതു തിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി.1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു. മരണശേഷം ചർച്ചിലിന്റെ രാഷ്ട്ര ബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം തന്നെ പങ്കെടുത്തു.1940ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയും .1950ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഹാഫ് സെഞ്ച്വറിയായും അദ്ദേഹത്തെ തിരഞ്ഞെടുത്തു .സർ പദവി , അമേരിക്കൻ ഐക്യനാടുകളിലെ ഓണറ്റി പദവി തുടങ്ങിയവും 2002ൽ ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായും ബി.ബി.സി. അദ്ദ്ദേഹത്തെ തിരഞ്ഞെടുത്തു .
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിൻ്റെ ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. റിപ്പബ്ലിക് ദിനാശംസകൾ.
Tags:
INDIA