ന്യൂഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കൊണ്ട് മുൻ കേന്ദ്ര മന്ത്രി രതൻജിത് പ്രതാപ് നരേൺ സിങ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അദ്ദേഹം ബിജെപിയിൽ ചേരും.
കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആർപിഎൻ സിങ് എന്നതാണ് ശ്രദ്ധേയം.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്ത് ആർപിഎൻ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചു. 'ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാൻ എന്റെ രാഷ്ട്രീയ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുന്നു' അദ്ദേഹം രാജിക്കത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചു.
ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റിൽ സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ ആർപിഎൻ സിങ്ങിനെ മത്സരിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. മന്ത്രിയായിരുന്ന മൗര്യ അടുത്തിടെയാണ് അനുയായികൾക്കൊപ്പം ബിജെപി വിട്ട് എസ്പിയിൽ ചേർന്നത്.
Tags:
INDIA