Trending

എന്താണ് വഖ്ഫ് (waqf ) സമ്പ്രദായം? കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളും നിയമങ്ങളും എങ്ങനെയാണ്?


വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍ നിന്ന് തേയ്മാനം വരാതെ നിയമാനുസൃതമായി ഉപയോഗപ്പെടുത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്ന് പറയുന്നത്. പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ വഖ്ഫ് സമ്പ്രദായം ഉണ്ടായിരുന്നു. ഇസ്‌ലാമില്‍ ആദ്യമായി വഖ്ഫ് ചെയ്ത വ്യക്തി ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ ആണെന്ന് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നുണ്ട്.ഒരു ജൂത വിശ്വാസിയിൽ നിന്ന് അദ്ദേഹം റൂമാ എന്ന പേരിൽ അറിയപ്പെടുന്ന കിണര്‍ മുപ്പത്തയ്യായിരം വെള്ളിനാണയങ്ങള്‍ വില കൊടുത്ത് വാങ്ങി അത് വഖ്ഫ് ചെയ്യുകയാണുണ്ടായത്. മദീനയില്‍ ഉണ്ടായിരുന്ന ഏകശുദ്ധ ജലധാരയായിരുന്നു റൂമാ കിണര്‍. അത് ജൂതന്‍മാരുടെ കുത്തകയായിരുന്നു.അവര്‍ അതിന് ചുറ്റും വേലികെട്ടി ബന്ധിച്ച് ഒരു തോല്‍പാത്രം വെള്ളത്തിന് ഒരു സേര്‍ ധാന്യം വീതം വസൂലാക്കി ജനങ്ങളെ ചൂഷണംചെയ്തിരുന്നു. ശുദ്ധജലത്തിന് ക്ഷാമം നേരിട്ടപ്പോള്‍ എന്തുവിലയായാലും ആ കിണര്‍ വാങ്ങി വഖ്ഫ് ചെയ്യണമെന്ന് നബിതിരുമേനി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ അതുവാങ്ങി വഖ്ഫ് ചെയ്തത്. ഇതാണ് ആദ്യത്തെ വഖ്ഫ്. പിന്നീട് ഉമര്‍ ഇബ്‌നു ഖത്താബ് ഖൈബര്‍ യുദ്ധത്തില്‍ നേടിയ ഒരു തോട്ടം വഖ്ഫ് ചെയ്തു. നബിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അതും വഖ്ഫ് ചെയ്തത്. ‘വില്‍ക്കാനോ , സൗജന്യം നല്‍കാനോ , അനന്തരാവകാശമായി വിഭജിക്കാനോ പാടില്ലാത്ത ധര്‍മം’ എന്നാണ് അതിനെ സംബന്ധിച്ച് അദ്ദേഹം രേഖപ്പെടുത്തി വെച്ചിട്ടുള്ളത് .

ഇസ്‌ലാമിന് മുമ്പ് അറേബ്യയില്‍ ഭൂസ്വത്തുക്കള്‍ക്കോ , വീടുകള്‍ക്കോ വഖ്ഫ് സമ്പ്രദായം ഉണ്ടായിരുന്നില്ലെന്നാണ് പൊതുവെ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. നബിയുടെ കാലത്താണ് ഈ സമ്പ്രദായം ആരംഭിച്ചത്.
ഇസ്ലാമിക കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ വഖ്ഫുകളെക്കുറിച്ചുള്ള ആധികാരിക നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
വസ്തു ക്രയവിക്രയം ചെയ്യാനോ , അനന്തരാവകാശം നല്‍കാനോ സാധിക്കാത്ത വിധത്തില്‍ സാധുക്കള്‍ക്കും , ബന്ധുക്കള്‍ക്കും , അടിമകള്‍ക്കും , യാത്രക്കാര്‍ക്കും ദീന്‍പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി  നല്‍കാം. വസ്തു നടത്തിപ്പുകാരന് അതില്‍നിന്ന് ഭക്ഷിക്കുന്നതിനോ , സുഹൃത്തുക്കളെ സല്‍ക്കരിക്കുന്നതിനോ വിരോധമുണ്ടായിരുന്നില്ല. ഭൂസ്വത്തുക്കള്‍, വൃക്ഷങ്ങള്‍, ആഭരണങ്ങള്‍ മുതലായവ വഖ്ഫ് ചെയ്യാവുന്നതാണ്. സ്വത്തുക്കളുടെയും , വൃക്ഷങ്ങളുടെയും ആദായം എടുക്കുകയും ആഭരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ട് അവയ്ക്ക് തേയ്മാനം സംഭവിക്കുകയില്ല. ഉപയോഗം നിമിത്തം തേയ്മാനം വരുന്നുവെങ്കില്‍ വഖ്ഫ് സാധുവാകുകയില്ല.

1995 ലെ വഖഫ് നിയമ പ്രകാരം കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഒരു നിയമാനുസൃത സംഘടനയാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ്.1954-ല്‍ ഇന്ത്യാഗവണ്‍മെന്റ് രൂപം നല്‍കിയ സെന്‍ട്രല്‍ വഖഫ് ആക്റ്റ് അനുസരിച്ചാണ് ഇത് നിലവിൽ വന്നത് .1960 മുതല്‍ കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. മുന്‍മന്ത്രിയും , സാമൂഹ്യപ്രവര്‍ത്തകനുമായ പി.കെ. കുഞ്ഞുസാഹിബായിരുന്നു ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍. പില്ക്കാലത്ത് കേരളസര്‍ക്കാര്‍ 1995-ലെ 43-ാം ആക്റ്റ് പ്രകാരം കേരള വഖഫ് നിയമത്തിന് രൂപം നല്‍കി. 1996 ജനു. 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. കേരള വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് രൂപീകൃതമായിട്ടുള്ളത്. വഖഫ് നിയമം അനുശാസിക്കുന്നപ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി. കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. ബോര്‍ഡിലെ അംഗങ്ങളെയും , സെക്രട്ടറിയെയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറെയും സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നു. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ബോര്‍ഡിന്റെ അധ്യക്ഷനെ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്നു. കൊച്ചിയിലെ കലൂരിലാണ് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് വഖഫ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ മുസ്ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടം, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുക,അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, ആവശ്യമായി വരികയാണെങ്കില്‍ വസ്തു കൈമാറ്റങ്ങള്‍ നടത്തുക, കോടതി നടപടികളില്‍ ഭാഗമാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നു.

 വഖഫ് സ്വത്തുക്കള്‍ മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ വിശ്വാസ-ആചാര അനുഷ്ഠാനങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. വഖഫ് ആക്റ്റില്‍ കൃത്യമായി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 പതിനൊന്ന് പേരുടെ ഒരു സംഘമാണ് വഖഫ് ബോര്‍ഡിന്റെ ഭരണം നടത്തുന്നത്. പ്രധാനപ്പെട്ടയാള്‍ ചെയര്‍മാന്‍, മറ്റ് അംഗങ്ങളില്‍ രണ്ടു പേര്‍ നിയമസഭയിലേക്കും , പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട മുസ്‌ളിം വിശ്വാസികളായ  എംഎല്‍എ, എംപിമാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ , ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ളിം വിശ്വാസിയായ ഒരു വക്കീല്‍, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളില്‍ (ഇടവക) നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍, ശരീയത്ത് നിയമം അറിയുന്ന സമൂഹിക പ്രവര്‍ത്തകരായ രണ്ടു പേര്‍, ഒരു ഗവണ്‍മെന്റ് സെക്രട്ടറി എന്നിവരാണ് വഖഫ് ബോര്‍ഡിലെ അംഗങ്ങൾ.വഖഫ് ബോര്‍ഡിലേക്ക് രണ്ട് വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന നിയമ നിര്‍മാണം 2014 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇപ്പോൾ
ആകെ പതിനൊന്ന് പേരില്‍ രണ്ടുപേര്‍ വനിതകളായിരിക്കണം.അവസാനത്തെ മൂന്നു പേരെ സര്‍ക്കാരാണ് നോമിനേറ്റ് ചെയ്യുന്നത്.
മഹല്ല്കളും , ട്രസ്റ്റുകളുമായി കേരളത്തില്‍ 9000 സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറെ വരുമാനമുള്ള നിരവധി ട്രസ്റ്റുകളും , വഖഫ് സ്വത്തുക്കളും ഇപ്പോഴും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാതെയും പ്രവര്‍ത്തിക്കുന്നുണ്ട്.
 വഖഫ് ചെയ്ത വസ്തുവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല.  മുസ്‌ളിം സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പരാധീനത, യത്തീം സംരക്ഷണം, ദറസ് നടത്തല്‍ എന്നീ കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാം എന്നാണ് വഖഫ് ചെയ്ത ആധാരങ്ങളിലെ നിര്‍ദേശങ്ങള്‍. ഇവ യഥാവിധി ചെയ്യുന്നതോടൊപ്പം സമുദായത്തിന്റെ ഉന്നമനവും വഖഫ് ബോര്‍ഡിന്റെ ചുമതലയാണ്. 

വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ ബോര്‍ഡിന് അധികാരമില്ല. കാരണം അത് ദൈവത്തിന് സമര്‍പ്പിച്ചതാണ്. അവ സംരക്ഷിക്കാനാണ് ബോര്‍ഡ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ വഖഫ് സ്വത്തുക്കള്‍ വില്‍ക്കുകയാണെങ്കില്‍ അതിന് തുല്യമായ പണത്തിന് സ്വത്തുക്കള്‍ വാങ്ങി അവ സംരക്ഷിക്കേണ്ടതും വഖഫിന്റെ ബാധ്യതയാണ്. വഖഫ് സ്വത്തുക്കളില്‍ ഓഡിറ്റ് നടത്തി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതും അതില്‍ എന്തെങ്കിലും വിധത്തില്‍ അഴിമതി കണ്ടാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാനും വഖഫിന് അധികാരമുണ്ട്.

ഗവണ്‍മെന്റിനു കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. എല്ലാക്കാലത്തും അതത് സര്‍ക്കാറുകള്‍ വഖഫിന്  ഗ്രാന്റ് നല്‍കാറുണ്ട്. ഗവണ്‍മെന്റ് ഗ്രാന്റ്, സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള ഗ്രാന്റ്, തര്‍ക്കമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം എന്നിവ വഖഫ് ബോര്‍ഡിലേക്കാണ് എത്തുന്നത്. കൂടാതെ രജിസ്റ്റര്‍ ചെയ്ത 9000 വരുന്ന മഹല്ലുകള്‍ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിന്  നല്‍കണം. ഇതില്‍ മാസം ലക്ഷങ്ങള്‍ വരുമാനമുള്ള മഹല്ലുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരുമാനമുള്ള മഹല്ലുകളുമുണ്ട്. വരുമാനമെത്രയായാലും അതിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിന് നല്‍കിയിരിക്കണം. മഹല്ലില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ വഖഫ് ബോര്‍ഡിന് അത് അന്വേഷിക്കാനും ഓഡിറ്റ് നടത്തി കൂടുതല്‍ വരുമാനം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനും അധികാരമുണ്ട്. കൂടാതെ വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും ബോര്‍ഡിനാണ്. 

വഖഫ് സ്വത്ത് വില്‍ക്കാന്‍ കേരള വഖഫ് റൂള്‍സ് 94, 95 പ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിന് കുറഞ്ഞത് മൂന്നുമാസം സമയമെടുക്കും. പത്ര പരസ്യവും , ഗസറ്റ്  വിജ്ഞാപനവും അടക്കമുള്ള നടപടി ക്രമങ്ങള്‍ വേണമെന്നാണ് വ്യവസ്ഥ.ആദ്യം മഹല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. മഹല്ലില്‍ ഇത് ചര്‍ച്ചചെയ്ത് എതിര്‍പ്പില്ലെങ്കില്‍ ആ അപേക്ഷ സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് അയയ്ക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ഈ വസ്തു പൊതുലേലത്തില്‍ വെയ്ക്കും. ലേലത്തില്‍ വച്ച വസ്തു ആവശ്യക്കാരന്‍ ലേലം കൊള്ളണം. ഇതാണ് നടപടി ക്രമം.

രാജ്യത്താകമാനമുള്ള വഖഫ് സ്വത്തുക്കളുടെ ഭരണം വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുന്നുവെന്നും വഖഫിനു കീഴിലെ സ്വത്തും , പണവും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനും വഖഫിനു കീഴിലെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടാല്‍ അതു തിരിച്ചെടുക്കുന്നതിനും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ബലത്തിലാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് അതിവിപുലമായ അധികാരങ്ങളാണ് കേന്ദ്ര നിയമം വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 

രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖഫുകള്‍ക്ക് റെന്റ് കണ്‍ട്രോള്‍ ആക്ട്,

 ലാന്റ് റിഫോംസ് ആക്ട്,

 ലാന്റ് അക്യുഷന്‍ ആക്ട് തുടങ്ങിയ നിയമങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. വഖഫ് സ്വത്ത് സംബന്ധമായുണ്ടാവുന്ന തര്‍ക്കങ്ങളിലും , വ്യവഹാരങ്ങളിലും ബോര്‍ഡിൽ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയുള്ളൂ. അതേപോലെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലിലെ അംഗങ്ങള്‍ക്ക് മാത്രമേ ബോര്‍ഡ് നല്‍കുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കൂ. 24,000-ത്തിലധികം വരുന്ന വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും , പരിപാലനത്തിനും പുരോഗതിക്കും നേതൃത്വം വഹിക്കുക എന്നതാണ് വഖഫ് ബോര്‍ഡിന്റെ ഉത്തരവാദിത്വം. മാത്രമല്ല, അര്‍ധ ജുഡീഷ്യല്‍ പദവിയുള്ള ബോര്‍ഡ് എന്ന നിലയില്‍ വഖഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ഉത്തരവാദിത്വവും ഉണ്ട്. 

വഖഫ് സ്വത്തുക്കള്‍ മഹല്ല് സംവിധാനത്തിനു കീഴിലോ ട്രസ്റ്റുകള്‍ക്ക് കീഴിലോ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥയും ഉണ്ട്. വഖഫ് ചെയ്ത ആള്‍ സ്വത്ത് സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ പ്രമാണത്തില്‍ കുടുംബത്തിലെ അംഗങ്ങളുടെ പരിരക്ഷ ഉറപ്പുവരത്തക്ക വാചകങ്ങള്‍ ഉള്ളതിനാലാണ് മിക്ക വഖഫ് സ്വത്തും സ്വകാര്യ വ്യക്തികള്‍ കൈകാര്യം ചെയ്യുന്നത്. വസ്വിയ്യത്തില്‍ പറഞ്ഞ പ്രകാരവും , ഭരണഘടനയില്‍ പറയപ്പെട്ട പ്രകാരവും അല്ലാതെ വഖഫ് സ്വത്തുക്കള്‍ അനധികൃതമായി ആരെങ്കിലും കൈയടക്കിയെങ്കില്‍ അത് തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ എടുക്കാൻ നിയമം വഖ്ഫിനെ അധികാരപ്പെടുത്തിയിട്ടുണ്ട്.

പണ്ട് കാലത്ത് ധര്‍മ്മിഷ്ഠരായ ആളുകള്‍ തങ്ങളുടെ സമ്പാദ്യം വഖഫ് ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ ഇപ്പോഴത് കുറഞ്ഞുവരുന്നുണ്ട്.ഇന്ന് കൂടുതലും അറബ് സംഭാവനയെയാണ് ആശ്രയിക്കുന്നത്.  അറബ് സംഭാവന എന്നത് പള്ളി നിര്‍മ്മാണത്തില്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. മുസ്‌ലിംകളുടെ ആദ്യ ഭരണസംവിധാനമാണ് മഹല്ലുകള്‍. മഹല്ലുകളെ നിയന്ത്രിക്കുന്നത് വഖഫ് ബോര്‍ഡുകളാണ്.വിവാഹം, വിവാഹമോചനം എന്നീ കാര്യങ്ങള്‍ മഹല്ലു സംവിധാനത്തിന്റെ കൂടെത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്.  മഹല്ലുകളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്നതും വഖഫ് ബോര്‍ഡിന്റെ ചുമതലയാണ്. 

ജുഡീഷ്യല്‍ പദവിയുള്ള   വഖഫ് ബോര്‍ഡ് പുതുതായി വല്ലതും നടപ്പാക്കാനുദ്ദേശിക്കുമ്പോള്‍ സര്‍ക്കാറിലേക്ക് പദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരവും ഫണ്ടും വാങ്ങേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ വഖഫിനു നേരിട്ടു നടത്തുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, സമുദായ സംഘടനകളോ , കൂട്ടായ്മകളോ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുകയാണെങ്കില്‍ ഇത്തരം ആവശ്യത്തിനു വേണ്ടി ഗ്രാന്റു നല്‍കുന്ന കാര്യം വഖഫ് ബോര്‍ഡിന് പരിഗണിക്കാവുന്നതാണ്. വഖഫിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് അതില്‍നിന്നുള്ള വരുമാനം ഉപയോഗിക്കുകയും ചെയ്യാം. ചെറിയ ശതമാനം തിരിച്ചടവ് വഖഫിലേക്ക് നടത്തുകയും വേണം. 

വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് തടയുന്നതിന്നും , അധ്യാധീനപ്പെട്ടവ വീണ്ടെടുത്തു സംരക്ഷിക്കുന്നതിനും വാഖിഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനും ഇന്ത്യൻ പാര്‍ലമെന്റ് അംഗീകരിച്ച 1954ലെ 29-ാം നമ്പര്‍ വഖ്ഫ് ആക്ട് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളില്‍ വഖ്ഫ് ബോര്‍ഡുകള്‍ നിലവില്‍ വരുന്നത്. അതിന് മുമ്പ് 1950ല്‍ ഭരണഘടനയില്‍ വഖ്ഫുകളെ കണ്‍കറന്റ് ലിസ്റ്റിലായിരുന്നു ഉൾപെടുത്തിയിരുന്നത്. അതിനാല്‍, വഖ്ഫ് സംബന്ധിച്ച നിയമനിര്‍മാണത്തിനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ നിക്ഷിപ്തമായി. വഖ്ഫ് നിയമം 1954ല്‍ പ്രാബല്യത്തില്‍ വന്നു. ഇതിനു ശേഷം 1984ല്‍ ഭേദഗതി അവതരിപ്പിച്ചെങ്കിലും പാര്‍ലമെന്റിലെ അന്നത്തെ  അംഗങ്ങളുടെ എതിര്‍പ്പ് മൂലം ന്യായമായ രണ്ട് വകുപ്പുകള്‍ ഒഴികെ മറ്റെല്ലാം തള്ളപ്പെട്ടു. തുടര്‍ന്ന് 1954ലെ 29-ാം നമ്പര്‍ ആക്ട് സമഗ്രമായി ഭേദഗതി ചെയ്ത് അംഗീകരിച്ചതാണ് 1995ലെ വഖ്ഫ് ആക്ട്. 1996 ജനുവരി ഒന്ന് മുതല്‍ ഈ നിയമം പ്രാബല്ല്യത്തില്‍ വന്നു.

1960ലാണ് കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്നത്. ആദ്യം എറണാകുളത്തും പിന്നീട് 1985ല്‍ കോഴിക്കോടും ഇപ്പോള്‍ മഞ്ചേരിയിലും , കണ്ണൂരിലും ഡിവിഷണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. വഖ്ഫ് ബോര്‍ഡിന്റെ അനുമതി കൂടാതെ വഖ്ഫ് സ്വത്തുക്കള്‍ തീറായോ , ദാനമായോ , പണമായോ കൈമാറാന്‍ അധികാരമില്ല. എന്നാല്‍ 2013ന് മുമ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗുണകരമെന്ന് ബോധ്യപ്പെട്ടാല്‍ അങ്ങനെ കൈമാറുന്നതിന് വ്യവസ്ഥ ഉണ്ടായിരുന്നു. 2013ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെ ആ കൈമാറ്റങ്ങള്‍ നിയമവിരുദ്ധമായി. അക്കാരണത്താല്‍ ഉപയോഗ ശൂന്യമായതും , എതെങ്കിലും തരത്തില്‍ പ്രയോജനപ്രദമാക്കാന്‍ സാധിക്കാത്തതുമായ വഖ്ഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്ത് വികസനം ഉണ്ടാക്കാന്‍ സാധിക്കാതെ വന്നു. 

വഖ്ഫുകളുടെ കണക്കുകളും , രേഖകളും പരിശോധിക്കുകയും ശരിയായ നടത്തിപ്പിനും , നിലനില്‍പ്പിനും ആവശ്യമായ പ്രവൃത്തികള്‍ നീതിപൂര്‍വവും , നിഷ്പക്ഷവുമായി നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് വഖ്ഫ് ബോര്‍ഡുകളുടെ ലക്ഷ്യം. വഖ്ഫുകളും ,വഖ്ഫ് ബോര്‍ഡും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പള്ളി, മദ്‌റസ, അറബിക് കോളജ്,  തുടങ്ങി എല്ലാ വഖ്ഫുകളും   നടത്തിപ്പോരുന്നതിനും , പരിപാലിക്കാനുള്ള അവകാശം അല്ലാതെ ഉടമസ്ഥാവകാശം നിലനില്‍ക്കുന്നില്ല. ഖബര്‍സ്ഥാന്‍ വഖ്ഫായി പരിപാലിക്കുന്ന ചിലര്‍ സ്വന്തം സ്വത്ത് പോലെ ചിലര്‍ക്ക് ഖബര്‍സ്ഥാന്‍ തടയുകയും ഭൂമിയുടെ കിടപ്പ് നോക്കി മറവ് ചെയ്യുന്നതിന് ഗ്രേഡ് അനുസരിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഖബര്‍സ്ഥാന്‍ തടയാനോ , ഗ്രേഡ് തിരിച്ച് പണം വാങ്ങാനോ പാടില്ല എന്ന് വഖ്ഫ് ബോര്‍ഡും ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്. ഈയടുത്ത് വഖ്ഫ് ട്രൈബ്യൂണലില്‍ നിന്ന് ഉണ്ടായ “തടയാം”എന്ന വിധി ഹൈക്കോടതി ദുര്‍ബലപ്പെടുത്തുകയുണ്ടായി. മുതവല്ലിക്ക് ഉടമസ്ഥാവകാശമില്ലെന്നും , പരിപാലനം മാത്രമാണ് അവകാശമെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട് . വഖ്ഫ് ഭൂമിയിലെ
മരം മുറിക്കുമ്പോഴും , പുനര്‍നിര്‍മാണത്തിന് വേണ്ടി പള്ളിയും , മദ്‌റസയും പൊളിക്കുമ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബോര്‍ഡിന്റെ അനുമതിക്ക് അപേക്ഷിച്ച് പെര്‍മിഷന്‍ വാങ്ങണമെന്ന് നിയമം ഉണ്ട്. 

 എല്ലാ സാമ്പത്തിക വര്‍ഷവും അതായത് ഏപ്രില്‍ മുതല്‍ അടുത്ത മാര്‍ച്ച് 31 കാലത്തെ വരവു ചെലവു കണക്കുകള്‍ (റിട്ടണ്‍) മുതവല്ലിമാര്‍/ സെക്രട്ടറിമാര്‍ ഏപ്രില്‍ മാസം 30 നു മുമ്പ് ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കണക്കു റിട്ടണ്‍ കൊടുക്കാതിരുന്നാല്‍ ഡിവിഷനല്‍ ഓഫീസര്‍ക്ക് വിഹിതം കെട്ടാന്‍ അധികാരമുണ്ട്. വിഹിതം കെട്ടി പ്രൊസിസിംഗ് വന്നാല്‍ പ്രസ്തുത തുക അടക്കുക തന്നെ വേണം. മറ്റു വഴികള്‍ എളുപ്പമല്ല. സംഭാവന, വിദ്യാഭ്യാസ ഫീസ്, പിടിയരി, പാട്ടപ്പിരിവ്, അഡ്മിഷന്‍ ഫീസ്, പെരുന്നാള്‍ പണം എന്നിവക്ക് ഇപ്പോള്‍ വിഹിതം ഇല്ല. പറമ്പിലെ കൃഷി വസ്തുക്കള്‍(തേങ്ങ, അടക്ക, മാങ്ങ) കെട്ടിടവാടക, വാടക സാധനങ്ങളുടെ വരവ്, മഖാമുകളിലെ വരുമാനം, നികാഹ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവക്ക് വിഹിതം നല്‍കണം. എല്ലാ വരവുചെലവുകള്‍ക്കും രശീതിയും , വൗച്ചറും സൂക്ഷിച്ച് ഡേബുക്കിലും ലഡ്ജറിലും രേഖപ്പെടുത്തി വെക്കണം. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുതിയ റജിസ്‌ട്രേഡ് വഖഫു മുതവല്ലിമാര്‍ക്ക് ബോര്‍ഡ് ഓഫീസില്‍ നിന്ന്  അയക്കാറുണ്ട് .

  വഖഫ് ബോര്‍ഡിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കീമില്‍ നിന്ന് ഗ്രാന്റ്, വിവാഹസഹായം, പഠന സകോളര്‍ഷിപ്പ്, പള്ളി ഇമാം, മുഅദ്ദിന്‍ ഖാദിം, മുഅല്ലിം എന്നിവര്‍ക്കു പെന്‍ഷന്‍, മദ്രസാ നവീകരണ സഹായം എന്നിവ ലഭിക്കുന്നതിനു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വഖഫ് ബോര്‍ഡിന്റെ തീരുമാനങ്ങളും സൊസൈറ്റിസ് റജിസ്‌ട്രേഷന്‍, ഭാരവാഹി സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ തലങ്ങളിലും കോടതികളിലും പരിഗണിക്കപ്പെടുന്നതാണ്. 1860ലെ 21-ാം വകുപ്പ് പ്രകാരം സൊസൈറ്റി രജിസ്ട്രാഫീസുകളില്‍ റജിസ്റ്റര്‍ ചെയ്തവര്‍ ഓരോ വര്‍ഷവും ജനറല്‍ ബോഡി ചേര്‍ന്ന് അടുത്ത വര്‍ഷത്തെ ഭാരവാഹി പട്ടിക കൃത്യമായി അയച്ചുകൊടുക്കേണ്ടതുണ്ട്.   വഖ്ഫ് വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും , വാടക കെട്ടിടങ്ങളിലെ വാടക തരാത്ത കൈവശക്കാരെ ഒഴിപ്പിക്കുന്നതിലും ലാന്‍ഡ് അക്വിസിഷന്‍ നടപടികളിലും ബോര്‍ഡിനെ കക്ഷിയാക്കാം. 

കടപ്പാട്: നിയമവേദി
Previous Post Next Post
Italian Trulli
Italian Trulli