Trending

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ചുപേര്‍ക്ക്‌ കോവിഡ്


ബെംഗളൂരു
: കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട അഞ്ചുപേർ കോവിഡ് പോസിറ്റീവ്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും സാമ്പിളുകൾ ജീനോം പരിശോധനയ്ക്കായി അയക്കുകയും ചെയ്തെന്ന് കർണാടക സർക്കാർ അറിയിച്ചു. 66-ഉം 46-ഉം വയസ്സുള്ള രണ്ടു പുരുഷന്മാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈകീട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ഒമിക്രോൺ സ്ഥിരീകരിച്ച 46-കാരൻ ബെംഗളൂരുവിൽനിന്നുള്ള ഡോക്ടറാണെന്നും ഇദ്ദേഹം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. നവംബർ 21-ന് ഇദ്ദേഹത്തിന് പനിയും ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പിറ്റേന്ന് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ അന്നു തന്നെ ജനിതക ശ്രേണീകരണത്തിന് അയച്ചു. തുടർന്ന് മൂന്നുദിവസത്തിനു ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. 46-കാരനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 13 പേരുണ്ടെന്നും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 250-ൽ അധികം പേരുമുണ്ടെന്നും കർണാടക സർക്കാർ അറിയിച്ചു.

ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടാമൻ 66 വയസ്സുള്ള ദക്ഷിണാഫ്രിക്കൻ പൗരനാണ്. കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. കോവിഡ് വാക്സിന്റെ രണ്ടു ഡോസും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിലെത്തിയതിനു പിന്നലെ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് സെൽഫ് ഐസൊലേഷന് നിർദേശിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം ഇദ്ദേഹം ഒരു സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു. തുടർന്ന് ഇദ്ദേഹം ദുബായിലേക്ക് പോയി. ദക്ഷിണാഫ്രിക്കൻ പൗരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 24 പേരുടെയും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 240 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്.
Previous Post Next Post
Italian Trulli
Italian Trulli