Trending

പഴയ കള്ള പാസ്‌പോർട്ട്‌; വർഷങ്ങൾക്കിപ്പുറം പൊടി തട്ടിയെടുക്കാനൊരുങ്ങി പോലീസ്; തുമ്പ് തേടുന്നത് 200 ൽ പരം കേസുകൾക്ക്..!


വർഷങ്ങൾക്കുമുൻപ് കരിപ്പൂരിൽ പിടികൂടിയ വ്യാജ പാസ്‌പോർട്ട് കേസുകളിൽ അന്വേഷണം വീണ്ടും ഊർജിതമാക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ചും ആഭ്യന്തര സുരക്ഷാവിഭാഗവും അന്വേഷിച്ച കേസുകൾ ഇപ്പോൾ ലോക്കൽ പോലീസാണ് അന്വേഷിക്കുന്നത്. കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷനുകളിൽ മാത്രമായി ഇരുപത്തഞ്ചോളം കേസുകളാണുള്ളത്. പാസ്‌പോർട്ടിന്റെ യഥാർഥ ഉടമകളെ കണ്ടെത്തുന്നതിനു പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പാസ്‌പോർട്ട് ഇല്ലാത്തവരും നഷ്ടപ്പെട്ടവരുമായ നിരവധിയാളുകൾ നേരത്തേ വ്യാജ പാസ്‌പോർട്ടിൽ കരിപ്പൂരിലെത്തിയിരുന്നു.

മറ്റൊരാളുടെ പാസ്‌പോർട്ടിൽ ഫോട്ടോ ഒട്ടിച്ച് എത്തിയവരാണ് പിടിയിലായിരുന്നത്. കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്തിരുന്ന കേസുകൾ പിന്നീട് ക്രൈംബ്രാഞ്ചിനെയും ആഭ്യന്തര സുരക്ഷാവിഭാഗത്തിനും കൈമാറുകയായിരുന്നു. ദേശസുരക്ഷ, തീവ്രവാദബന്ധം തുടങ്ങിയവ അന്വേഷിക്കുന്നതിനാണ് ലോക്കൽ പോലീസിൽനിന്ന് അന്വേഷണം മാറ്റിയത്. ഇരുവിഭാഗത്തിനുമായി ഇരുനൂറിൽപ്പരം കേസുകൾ കൈമാറി. ഇതിൽ അന്വേഷണം കാര്യമായി നടക്കാതെ തുടർന്ന കേസുകളാണ് ഇപ്പോൾ ലോക്കൽ പോലീസിനു തിരികെ കൈമാറിയത്.

ഫോട്ടോ മാറ്റി ഒട്ടിച്ചും..

നേരത്തേ, ഗൾഫിൽ വ്യാജ പാസ്‌പോർട്ട് നിർമിച്ച് വിതരണംചെയ്യുന്ന ഒട്ടേറെസംഘങ്ങൾ പ്രവർത്തിച്ചിരുന്നു. മോഷ്ടിക്കുന്നതും കളഞ്ഞുകിട്ടുന്നതുമായ പാസ്‌പോർട്ടുകളാണ് ഇവർ ആവശ്യക്കാർക്ക് ഫോട്ടോ മാറ്റി ഒട്ടിച്ച് നൽകിയിരുന്നത്. സന്ദർശകവിസയിൽ പോയി കാര്യമായ ജോലിയൊന്നും ലഭിക്കാത്ത ആളുകളിൽനിന്ന് പണം നൽകി പാസ്‌പോർട്ട് വാങ്ങിയും കൃത്രിമ പാസ്‌പോർട്ട് നിർമിച്ചിരുന്നു. മെഷീൻ റീഡബിൾ പാസ്‌പോർട്ട് എത്തിയതോടെയാണ് ഇത്തരം കൃത്രിമങ്ങൾ കുറഞ്ഞത്.

ജനനത്തീയതി തിരുത്തിയും;

ജനനത്തീയതി തിരുത്തിയ പാസ്‌പോർട്ടുമായി കരിപ്പൂരിലെത്തിയ ഒട്ടേറെപ്പേർക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. 18 വയസ്സാകുംമുൻപ് തൊഴിൽതേടി ഗൾഫിലേക്കു പറന്നവരാണ് പാസ്‌പോർട്ടിൽ ജനനത്തീയതി തിരുത്തിയവരിൽ ഭൂരിപക്ഷവും. ഇവർ തിരികെ വരുമ്പോൾ ക്രിമിനൽ കേസെടുക്കുന്നത് വ്യാപക പരാതിയെത്തുടർന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്രിമ പാസ്‌പോർട്ട് കേസുകളിൽ പിടിയിലാകുന്നവർക്ക് തടവും പിഴയുമാണ് ശിക്ഷ. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, പാസ്‌പോർട്ട് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ ലഭിക്കുക

Previous Post Next Post
Italian Trulli
Italian Trulli