പൊതുവിപണിയിൽ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. ഹോർട്ടികോർപ്പ് ഇടപെട്ടതോടെ അറുപതിലേക്ക് താഴ്ന്ന തക്കാളിക്ക് ഇന്നലെ 90 മുതൽ 94 വരെയായി ഉയർന്നു. പാവയ്‌ക്ക -104, പയർ -108, മുരിങ്ങയ്ക്ക -140,വലിയ മുളക് -240 എന്നിങ്ങനെയാണ് വില നൂറു കടന്ന ഇനങ്ങൾ. സവാള ഒഴികെ മറ്റെല്ലാ പച്ചക്കറികൾക്കും വിലകൂടി.
അയൽ സംസ്ഥാനങ്ങളിൽ മഴക്കെടുതിയെന്ന് പറഞ്ഞ് ഇടനിലക്കാർ വില കുറയ്ക്കാൻ തയ്യാറല്ല. ഡീസൽ വില കൂടിയതിനാൽ ലോറി വാടക വർദ്ധനവും ഇവർ ചൂണ്ടിക്കാട്ടുന്നു. അനാവശ്യ ക്ഷാമം സൃഷ്ടിച്ച് കരിഞ്ചന്തയിൽ വില്പന നടത്തുന്നതാണ് വില വർദ്ധിക്കാൻ കാരണമെന്ന ആക്ഷേപവും ശക്തമാകുകയാണ്. ഏറ്റവും കൂടുതൽ വില വർദ്ധിച്ച തക്കാളി തമിഴ്‍നാട്ടിലെ കർഷകർ ഹോർട്ടികോർപ്പിന് നൽകുന്നത് 45 -50 രൂപയ്ക്കാണ്. ഇതേ വിലയ്ക്കാണ് സ്വകാര്യ കച്ചവടക്കാർക്കും ലഭിക്കുന്നത്. ഈ തക്കാളി കേരളത്തിലെത്തുമ്പോൾ വില കൂടുന്നത് ക്ഷാമം സൃഷ്‌ടിക്കുന്നതിനാലാണെന്നാണ് ആക്ഷേപം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഹോർട്ടികോർപ്പ് വാങ്ങി വില്പന തുടങ്ങിയതോടെയാണ് വില താഴ്ന്നത്. 60 രൂപയായി കുറഞ്ഞ തക്കാളിയാണ് ഇന്നലെ 90 - 94 രൂപയ്ക്ക് വിറ്റത്. മുരിങ്ങയ്ക്ക 140, വെണ്ടയ്ക്ക 72, പാവയ്ക്ക 104 എന്നിങ്ങനെയാണ് ഇന്നലത്തെ വില.
വില കൂടിയെങ്കിലും പിടിച്ചുനിറുത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ശരാശരി 75 ടൺ പച്ചക്കറി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. നിലവിലെ നിരക്കിൽ വിൽക്കാനാണ് തീരുമാനം.
ഇന്നലത്തെ വില
ഇനം -ഹോർട്ടികോർപ്പ് വില - പൊതുവിപണി
അമര - 49- 93
കത്തിരി - 45- 85
വഴുതന - 59- 99
വെണ്ട - 31- 72
പാവയ്ക്ക - 60 -104
പയർ -75 -108
പടവലം - 38 -75
വലിയ മുളക് -118 -240
ചെറിയ മുളക് - 39 -86
കാരറ്റ് - 52 -94
തക്കാളി - 56 -95
വെള്ളരി -27 -82
ബീറ്റ്റൂട്ട് - 29- 78
മുരിങ്ങയ്ക്ക- 89 -140
കാബേജ് - 25 -82
മത്തൻ -15- 40
ബീൻസ് - 63 -85
സവാള - 32 -40
Tags:
KERALA