Trending

കക്കാടൻ തോടിൻ മധുരനൊമ്പരങ്ങൾ


✍️  ഗിരീഷ് കാരക്കുറ്റി

_പകലിനെ   രാത്രി കീഴടക്കാൻ  തുടങ്ങി, പടിഞ്ഞാറ് അറബികടലിനു മുകളിൽ ചുവന്ന ഭൂഗോളത്തെ വിഴുങ്ങാൻ കടലമ്മ കാത്തിരിക്കുന്ന സായംസന്ധ്യ ....രാമേട്ടൻ എന്റെ കരം പിടിച്ച് കോട്ടമുഴിയിൽ ലയിക്കുന്ന കക്കാടൻ തോടിന്റ ഓരത്തുകൂടി നടക്കുന്നതിനിടയിൽ,ഭൂതകാലത്തെ ഗതകാല സ്മരണകൾ ഓർത്തെടുത്ത് ഞങ്ങൾ യാത്ര തുടർന്നു._



_പടിഞ്ഞാറ് കുറ്റിപ്പോയിൽ പാടവും ,കിഴക്ക് കാളപുറം പാടത്തെയും തഴുകി ശാന്തമായി മൈസൂർ മലയുടെ താഴ്‌വാരത്തിൽ നിന്നുൽഭവിച്ച്, കക്കാടമ്മൽ കാരെയും, കോട്ടമ്മൽ കാരെയും അതിരിടുന്ന കോട്ടയ് പാലത്തെ സ്പർശിച്ച് ഇരുവഴിഞ്ഞി പുഴയിൽ ലയിക്കുന്ന കക്കാടൻ തോട്..._

_പലതരം ഔഷധസസ്യങ്ങളും വള്ളി ചെടികളും കാട്ടുമരങ്ങളും നാട്ടുപഴങ്ങളും പേരറിയാത്ത സസ്യങ്ങളുമുണ്ടതിന്റെ മാറിടത്തിൽ... കൂടാതെ വെള്ളിലം കാട്ടു പിച്ചകം ,കൈ നാറി, കൈത, പാറോത്ത്, അങ്ങിനെ. നീണ്ട പട്ടിക... അതിന്റെ മടിതട്ടി ലൂടെയുള്ള യാത്ര കണ്ണഞ്ചിപ്പിക്കുന്നതാണ്.._

_എനിക്ക് അച്ഛനും ,ഗുരുവും ,ജ്യേഷ്ടനും, സുഹൃത്തും എല്ലാമായിരുന്നു രാമേട്ടൻ ,കുട്ടിക്കാലത്ത് സഹോദരിമാരുടെ കൂടെ നങ്ങേലി പശുവിന് പുല്ലരിയാൻ വേണ്ടി വൈകുന്നേരങ്ങളിൽ അവിടം വരുമ്പോൾ... അലക്ഷ്യമായി നീണ്ടു വളർന്ന താടിയും മുടിയും, ഒരു കോണകവും ധരിച്ച് അർദ്ധനഗ്നമായി കയ്യിൽ ഒരു മരകമ്പും പിടിച്ച് എന്തോ പിറു പിറുത്ത് തോട്ടിൻ കരയിലൂടെ കാളപ്പുറം പാടത്ത് നിന്ന് യാത്ര തിരിച്ച്, ഇങ്ങ് കോട്ടമുഴി വരെ നടന്ന് നീങ്ങുന്ന ''ഇണ്ണ്യാത്തൻ''എന്റെ പേടി സ്വപനമായിരുന്നു...._

_പലപ്പോഴും രാത്രിയിൽ പേടിച്ച് ഞെട്ടിയുണരാറുണ്ടായിരുന്നു ഞാൻ ..മരണം വരെ ഇണ്ണ്യാത്തൻ ദിവസവും യാത്ര തുടർന്നും ,പാടത്ത് കൃഷി പണി ചെയ്യുന്ന ആരെങ്കിലും എന്തെങ്കിലും ഭക്ഷണം കൊടുത്താലായ് ..തോട്ടിലെ വെള്ളമാണ് ശരണം ,എന്തായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഉദ്ദേശ്യം ..ഒരു പക്ഷെ തോടിനെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നോ എന്തോ...._

_യാത്രക്കിടയിൽ  'ഒറുംകുണ്ടിലെ'അത്തിമരം എന്റെ ശ്രദ്ധയിൽപ്പെട്ടു .. അച്ഛന്റ കൂടെ മീൻ പിടിക്കാൻ കൂര്യാ കൂരിരുട്ടിൽ അവിടെ വന്നതും ,കൊതുകിന്റെ കടി വകവെക്കാതെ കയ്യിൽ വലയും മറുകയ്യിൽ കൊതുകിനെ അകറ്റാൻ പാണലിന്റെ ഇലകമ്പും പിടിച്ച് അച്ഛൻ തന്റെ വലയിലേക്ക് അലക്ഷ്യമായി വരുന്ന കോട്ടിയും, ചെള്ളിയും, പരലും വലയിൽ സ്പർശിക്കുമ്പോൾ ,കരയിൽ കുറ്റി പാളയും പാനീസ് വിളക്കും പിടിച്ച് ആകാംശയോടെ നില്കുന്ന എന്റെ നേരെ വല നിരത്തുമ്പോൾ മരണവെപ്രാളത്തിൽ തുള്ളി ചാടുന്ന മീനുകളെപ്പെറുക്കി കുറ്റിപാളയിൽ പിടിച്ചിടുമ്പോൾ ചുക്കി ചുളിഞ്ഞ അച്ഛന്റെ മുഖം എന്നത്തേതിൽ നിന്നും പ്രസന്നമാവുന്നത് കാണാൻ നല്ല ചേലായിരുന്നു..._

_വരമ്പത്ത് കാവലിരിക്കുന്ന ഞാൻ മഞ്ഞു വീണ പുൽമെത്തയിൽ നിദ്രയിലാണ്ടു പോവും പലപ്പോഴും ... മീൻ പിടുത്തം മതിയാക്കി മൂപ്പര് പോകാൻ നേരത്ത് ഉറങ്ങികിടക്കുന്ന എന്റെ മുഖത്ത് തോട്ടിലെ വെള്ളം തളിക്കുമ്പോൾ ഞെട്ടിയുണരുന്നതും ഓർത്ത് പോയി ഞാൻ._

_ഒരിക്കൽ 'മയങ്ങിൽ' ചൂണ്ടയിടാൻ ചിങ്ങമാസത്തിലെ ചിങ്ങാറിൽ തലയിലൊതുങ്ങാത്ത തൊപ്പികുടുയും പൊട്ടിയ വള്ളി ട്രൗസറും ധരിച്ച് മണ്ണിരയിൽ കോർത്ത ചൂണ്ടലും പിടിച്ച് ചൂണ്ടയിടുമ്പോൾ മീനുകൾക്ക് എന്റെ കോർത്തിട്ട ഇര രസിക്കാഞ്ഞിട്ടോ എന്തോ ഒന്നും തടഞ്ഞില്ല... നിരാശ ഭരിതനായപ്പോൾ.. പെട്ടെന്ന് ചൂണ്ടയെ തോട്ടിലെ പാറ കല്ലിനിടയിലേക്ക് വലിച്ചു കൊണ്ട് പോവുന്നു.. ഞാൻ സർവ്വ ശക്തിയെടുത്തു വലിച്ചു... അവൻ എന്നെയും ,മൽപിടുത്തത്തിനിടയിൽ അവസാനം ഞാൻ വിജയിച്ചു.. ഒരു വലിയ വാളമഞ്ഞിൽ എന്റെ ചൂണ്ടയിൽ നിന്നും പിടയുന്നു... അതിനെയും എടുത്ത് ലോകം കീഴടക്കിയ പോലെ ഞാൻ നടന്നതും... ഒക്കെ ഓർത്തു പോയി ._

_കക്കാടൻ തോട് പോയ കാലത്തെ ഇരു ദിക്കിലെയും ജനങ്ങളുടെ ജീവനോപാതിയായിരുന്നു. കുറ്റിപ്പൊയിൽ പാടത്തെ അനന്തമായി കിടക്കുന്ന കൃഷിയിടത്തിൽ പകലന്തിയോളം പണി ചെയ്യുന്ന കർഷക തൊഴിലാളികളുടെയും കർഷകരുടെയും ആശാ കേന്ദ്രമായിരുന്നവിടം...._

_എന്നാൽ ആഗോളവൽക്കരണത്തിന്റെ ഭീകര താണ്ഡവം ഏൽപിച്ച മുറിവിൽ കൃഷിയെ വാണിജ്യവൽകരിച്ചപ്പോൾ ... കേരളതനിമ നിലനിർത്തി കതിരണഞ്ഞ പുഞ്ചപാടങ്ങൾ എല്ലാം കമുക് ,വാഴ തുടങ്ങിയ കീഴടക്കി ,ആധുനികതയുടെ ഭ്രാന്തു പിടിച്ച പുതു തലമുറ വലിച്ചെറിഞ്ഞ മാലിന്യങ്ങളും,  തിരിച്ചുപിടിക്കണം നമുക്ക് 'ഇണ്ണ്യാത്തന്റ' കക്കാടൻ തോട് ...അതിന്റെ ശ്രമങ്ങളാവട്ടെ ഇനിയുള്ള ദിനരാത്രങ്ങൾ...._

Previous Post Next Post
Italian Trulli
Italian Trulli