Trending

കൊടിയത്തൂരും പീർമുഹമ്മദും....



✍️ ഗിരീഷ് കാരക്കുറ്റി

_പീർ മുഹമ്മദ് ,ആദ്യമാ പേര് കേൾക്കുന്നത് , കൊടിയത്തൂരിലെ നെടുകോട്ടയിലെ ചരിത്രപ്രസിദ്ധമായ പടുവൻകുറ്റി മൈതാനിയിൽ വെച്ചാണ് ._

_1979 ലെ കുഞ്ഞിളം മനസ്സിലൊളിപ്പിച്ച് വെച്ച , ഗാനമേളയിന്നും മനസ്സിൽ ക്ലാവ് പിടിക്കാതെ തിളങ്ങി നിൽക്കുന്നു.അന്ന് വറുതിയുടെ കാലത്ത്, മൂടുപൊട്ടാത്ത വള്ളി ട്രൗസറും അണിഞ്ഞ്, ഉടപ്പെറന്നോരുടെ കൂടെ ഗാനമേള കാണാൻ അത്യുത്സാഹത്തോടെ, ഓലചൂട്ടിൻ വെട്ടത്തിൽ കോട്ട കയറിയ നേരം ._

_ഓടിക്കിതച്ചു ഗാനമേള സ്ഥലത്തെത്തിയപ്പോൾ , ബാരിക്കേഡിനു മുന്നിൽ നിന്ന് ഞങ്ങളെ തടഞ്ഞു.ടിക്കറ്റ് വച്ചാണ് പരിപാടി എന്ന് അറിയാൻ കഴിഞ്ഞു. അറിഞ്ഞിട്ട് കാര്യമൊന്നുമില്ല, കയ്യിൽ കാശില്ല.ഞങ്ങളുടെ ദുരവസ്ഥ കണ്ടു മുന്നിൽ നിന്നൊരു കൊമ്പൻ മീശക്കാരൻ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടു. ഏറ്റവും പിന്നിലെ  സ്ഥലം കാണിച്ചു തന്നു . ഞങ്ങളവിടെയിരുന്നു._

_മുന്നിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.പീർമുഹമ്മദ് വന്നു."കാഫു മല കണ്ട പൂങ്കാറ്റേ " പാടാൻ തുടങ്ങിയപ്പോൾ .വികൃതി പിള്ളേരുടെ കൂക്കുവിളി തുടങ്ങി.. അതോടെ അടി പിടിയായ് . കല്ലേറിൽ ഒന്നു രണ്ട്  ട്യൂബ് ലൈറ്റുകൾ പൊട്ടിയുടഞ്ഞു.പക്ഷേ സംഘാടകരുടെ മെയ്കരുത്തിൻ ബലത്താൽ പ്രതിരോധനിര തീർത്ത് കച്ചറ പിള്ളേരെ പുറത്താക്കുമ്പോളതൊന്നും കൂസാതെ പീർ മുഹമ്മദ്  പാടി തകർത്തു._

_ആ ഗാനമേളയിൽ നിന്നും പിരിഞ്ഞു കിട്ടിയ  ബാക്കിപത്രമാണ് , ഇന്നത്തെ കൊടിയത്തൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ ഇതിഹാസ്  ഗ്രൗണ്ട് . പിന്നീട് ഗ്രാമപഞ്ചായത്ത് കൂടുതൽ സ്ഥലം വാങ്ങിയെങ്കിലും .തുടക്കക്കാർ അവരാണ്.മാപ്പിളപ്പാട്ടിന്റെ സുൽത്താൻ പീർമുഹമ്മദിന്റെ ദീപ്ത സ്മരണയ്ക്കു മുൻപിൽ പ്രണാമം..._

Previous Post Next Post
Italian Trulli
Italian Trulli