Trending

പ്രതിപക്ഷ ബഹളം; ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.


പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. കര്‍ഷക പ്രശ്‌നം ഉന്നയിച്ചാണ് പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചത്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതിനൊപ്പം കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. 12 മണിവരെയാണ് സഭ നിര്‍ത്തിവെച്ചത്.

നാല്പതോളം അടിയന്തര പ്രമേയ നോട്ടിസുകളാണ് ഇന്ന് സഭയില്‍ എത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കുന്ന പതിവ് ഇല്ല. 90 ശതമാനവും തള്ളിക്കളയുന്ന രീതിയാണുള്ളത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ നോട്ടിസിനുള്‍പ്പെടെ അതരണാനുമതി നിഷേധിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എംപിമാര്‍ മുദ്രാവാക്യം വിളിച്ചും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ചോദ്യോത്തരവേള ഉപേക്ഷിച്ചുകൊണ്ട് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. 12 മണിക്ക് സഭ വീണ്ടും സമ്മേളിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഈ ഘട്ടത്തില്‍ സഭ പരിഗണിക്കും.

കര്‍ഷകരുടെ ആവശ്യങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. അടിക്കടി വര്‍ധിച്ചുവരുന്ന ഇന്ധനവില ചര്‍ച്ച ചെയ്യണമെന്നും ആവശ്യപെട്ട് പ്രതിപക്ഷം ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ആദ്യദിന സമ്മേളനത്തില്‍ ആദ്യ നോട്ടിസ് നല്‍കിയത് ത്രിപുരയില്‍ നിന്നുള്ള എംപിമാരാണ്.

റബറിന് ചുരുങ്ങിയത് 250 രൂപ താങ്ങുവില നിശ്ചയിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് തോമസ് ചാഴിക്കാടന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഇന്ധനവിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ എംപിയാണ് ലോക്സഭയില്‍ നോട്ടിസ് നല്‍കിയത്. മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവിലയുടെ കാര്യത്തില്‍ നിയമനിര്‍മാണം വേണമെന്നും ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപിയും നോട്ടിസ് നല്‍കി. ഡല്‍ഹിയില്‍ സ,മരം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചട്ടം 267 പ്രകാരം വി ശിവദാസന്‍ എംപി നോട്ടിസ് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള മുഹമ്മദ് ഫൈസല്‍ എംപിയും ഇന്ന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ചൂണ്ടിക്കാണിച്ചും അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടിസ്.
Previous Post Next Post
Italian Trulli
Italian Trulli