Trending

അണയാത്ത ശുക്രനഷ്ത്രം സഖാവ് സി ആലി

✍️ ഗിരീഷ് കാരക്കുറ്റി.


കൊടിയത്തൂരിന്റെ നെടുംകോട്ട ചുവപ്പിക്കുന്നതിൽ  നേതൃത്വപരമായ പങ്കുവഹിച്ച ധീരനായിരുന്നു സഖാവ് സി. ആലി.

മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രവും , യാഥാസ്ഥിക മനോഗതിക്കാരുടെ ശക്തി ദുർഗ്ഗവും മായിരുന്ന  കൊടിയത്തൂരിൽ, പുരോഗമന ആശയങ്ങളുടെ വിത്തെറിഞ്ഞത് സഖാവിന്റെ നേതൃത്വത്തിലായിരുന്നു.

കോഴിക്കോട്ടെ ഒരു പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന സി. എൻ അഹ്മദ് മൗലവിയുടെ ടെ "ധന വിതരണ പദ്ധതി"
എന്ന പുസ്തകമാണ്  സഖാവിനെ ഒരു വിചിന്തനത്തിന് പ്രേരിപ്പിച്ചത്.
പിന്നീട് മുതലക്കുളം മൈതാനിയിൽ വച്ചു നടന്ന ഒരു പ്രസംഗം കേൾക്കാനിടയായതും ഇടതുപക്ഷ ചിന്താഗതിക്ക് ആക്കംകൂട്ടി.

1948-49 ൽ കർഷകരുടെയും , കർഷകത്തൊഴിലാളികളുടെയും  പ്രശ്നങ്ങൾ മനസ്സിലാക്കി, ചെറുക്കേണ്ടവയെ ശക്തമായി തന്നെ ചെറുക്കാൻ സഖാവ് മുമ്പിൽ തന്നെ ഉണ്ടായിരുന്നു.

 1951-52 കാലങ്ങളിൽ  സഖാവ് സി ആലിയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെറിയതോതിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടുതുടങ്ങി.മുക്കത്തെ സഖാവ് എ എം ഉസ്സൻ കുട്ടിക്കായിരുന്നു സംഘടനാ ചുമതല, പുറമെ സഖാക്കൾ ഉണ്ണ്യേപ്പൻ. ഉണ്ണിക്കുട്ടി എന്നിവരുടെയും ശിക്ഷണത്തിൽ സി .ആലി എന്ന രാഷ്ട്രീയ നേതാവ് ഉയർത്തെഴുന്നേൽക്കുകയായിരുന്നു.

1952-53 ൽ സഖാവ് സി. ആലി സെക്രട്ടറിയായി കൊടിയത്തൂരിൽ ആദ്യത്തെ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു. സഖാക്കൾ :സി ടി ഉണ്ണിമോയി ,അരിഞ്ചീരി  ചേക്കുട്ടി, പി പി ഉസ്സൻ കുട്ടി തുടങ്ങിയവർ നേതൃത്വനിരയിലെ മുൻനിരക്കാർ ആയിരുന്നു.

ജന്മിത്വം, അയിത്തം തുടങ്ങിയവ കൊടികുത്തി വാണിരുന്ന കാലത്ത് , ഇവർക്കെതിരെ പോരാടുകയെന്നത് ദുഷ്കരമായിരുന്നു.

അധികാരവർഗ്ഗത്തിന്റെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ചും, ജന്മി - മാടമ്പിമാരുടെ കൊലക്കത്തിക്ക് മുന്നിലൂടെ ,നെഞ്ചുവിരിച്ച്  നടന്നു നീങ്ങിയും , ചെങ്കൊടി പ്രസ്ഥാനത്തിന് കരുത്തേകി ചുവപ്പുരാശി പടർത്തി മുമ്പേ നടന്നുനീങ്ങിയ ധീര സഖാക്കളുടെ നേതൃത്വനിരയിലെ മുന്നണി പോരാളിയായിരുന്ന   സഖാവ് സി. ആലിയുടെ ദീപ്ത സ്മരണക്കു മുമ്പിൽ ഒരു പിടി രക്തപുഷ്പങ്ങളർപ്പിക്കുന്നു. ലാൽ സലാം.
Previous Post Next Post
Italian Trulli
Italian Trulli