Trending

ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വ്യാപന ശേഷി; മാസ്‌കാണ് വാക്‌സിൻ; ജാഗ്രതയോടെ നേരിടണം


ന്യൂഡൽഹി : കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ ശാസ്ത്രീയ രീതികൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. മഹാമാരി പടരുന്ന കാലത്ത് ഉചിതമായി പെരുമാറാനുള്ള ‘ഉണർത്തുവിളി’യായി പുതിയ വകഭേദത്തെ ഇന്ത്യ കണക്കാക്കണമെന്നും സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചു.

നമ്മുടെ പോക്കറ്റുകളിലുള്ള വാക്‌സിനായി മാസ്‌കിനെ കണക്കാക്കണം. ശ്രദ്ധയോട് കൂടി മാസ്‌ക് ധരിച്ചാൽ രോഗ വ്യാപനം ഒരു പരിധി വരെ തടയാൻ സാധിക്കും. ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപനശേഷി കൂടുതലാണ് ഒമിക്രോണിന്. എന്നാൽ ഇതിനെ കുറിച്ച് ആധികാരികമായി പറയാറായിട്ടില്ല. അർഹരായ ഏവരും വാക്‌സിൻ സ്വീകരിക്കണം, സമൂഹിക അകലം പാലിച്ച് ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഇതിനെ പ്രതിരോധിക്കുക. കൊറോണ കേസുകളുടെ കൃത്യമായ കണക്കുകൾ നിരന്തരം നിരീക്ഷിച്ച് ഒമിക്രോൺ വ്യാപനമില്ലെന്ന് അധികാരികളും സമൂഹവും ഉറപ്പ് വരുത്തണമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചു.

കൊറോണയുടെ പുതിയ വകഭേദത്തെ കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കു പുറമേ ജർമനിയിലും ചെക് റിപ്പബ്ലിക്കിലും ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഏഷ്യൻ രാജ്യങ്ങൾ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യ-സാമൂഹിക സുരക്ഷാ നടപടികളെടുക്കണമെന്നും സംഘടന നിർദ്ദേശം നൽകി. വാക്സിനുകൾ നൽകുന്നത് കൂടുതൽ വേഗത്തിലാക്കാനും രാജ്യങ്ങൾക്ക് സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli