Trending

ഗ്രാമത്തിന്റെ തപാൽ മുദ്രയായി മാറിയ ദാസൻ കൊടിയത്തൂർ.




✍️ ഗിരീഷ് കാരക്കുറ്റി.

ദാസൻ കൊടിയത്തൂർ, കുട്ടികൾക്കും വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും വിനീത ദാസനായ, ദാസേട്ടൻ നാലു പതിറ്റാണ്ടിലേറെ കൊടിയത്തൂരും പരിസരപ്രദേശങ്ങളിലും നരച്ച നീണ്ട കാലൻ കുടയും പിടിച്ച് തപാൽ ഉരുപ്പടികളാൽ കുത്തി നിറച്ച് തോളത്ത് തൂങ്ങിയാടുന്ന തുണിസഞ്ചിയും കയ്യിൽ ഒതുങ്ങാവുന്നതിലപ്പുറം കത്തുകളും കൈകളിൽ ഒതുക്കി പിടിച്ച്, ശക്തമായ മഴയെയും ചുട്ടുപൊള്ളുന്ന വെയിലിനെയും വക വെക്കാതെ മേൽവിലാസക്കാരനെ തിരക്കി സത്യസന്ധതയോടെ തന്റെ ജോലിയിൽ മുഴുകുന്ന ദാസേട്ടൻ ഇനി വിശ്രമ ജീവിതത്തിലേക്ക്.


പതിറ്റാണ്ടുകൾക്കപ്പുറം മൊബൈൽ ഫോണും ടെലിഫോണും ആധുനിക സൗകര്യങ്ങളുമില്ലാത്ത അക്കാലങ്ങളിൽ രണ്ടുമാസം കൂടുമ്പോൾ വിദേശത്ത് നിന്നു വരുന്ന ഫോറീൻ മണമുള്ള എഴുത്തിനെ ആശ്രയിച്ചാണ് നമ്മുടെ ഗ്രാമത്തിന്റെ മനക്കോട്ടകൾക്ക് ജീവൻ വെക്കുന്നത്.

കുടുംബാംഗങ്ങൾ ഒരുമിച്ച് അതിൽ ആരെങ്കിലും ഒരാൾ ആർത്തിയോടെ ഉറക്കെ കത്ത് വായിക്കുന്നതും, ആകാംക്ഷയോടെ മറ്റുള്ളവർ കേൾക്കുകയും സന്തോഷിക്കുകയും നെടുവീർപ്പിടുന്നതും കാണാൻ നല്ല ചേലായിരുന്നു. പിറ്റേന്ന് ഗൾഫുകാരന്റെ വിശേഷങ്ങൾ അയൽ വീടുകളിലും പങ്കുവെക്കുമ്പോൾ അവിടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പൂത്തിരി കത്തും. ആ കാലങ്ങളിൽ എല്ലാ വീടുകളും പ്രതീക്ഷിക്കുന്നത് ദാസേട്ടന്റെ വരവാണ്.

1982 ഫെബ്രുവരി മാസം 26ന് മൈസൂർ മലയിൽ ഈ ഡി പോസ്റ്റുമാൻ ആയി ജോലിയിൽ പ്രവേശിച്ചു. 1983 ൽ കൊടിയത്തൂർ പോസ്റ്റ് ഓഫീസിലേക്ക് മാറ്റം കിട്ടി. 42 വർഷത്തെ സർവീസ് ജീവിതത്തിൽ കഠിനാധ്വാനവും, നാട്ടു കാരുടെ സ്നേഹസമ്പത്തും മാത്രമല്ലാതെ തുച്ഛമായ ശമ്പളത്തിൽ കൈമുതലായി ഒന്നും ബാക്കിയില്ല.

തുച്ഛമായ ശമ്പളത്തിനെതിരിൽ അധികാരികൾക്കു മുമ്പിൽ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കാളിയായ ദാസേട്ടനും സഹപ്രവർത്തകരും വേണ്ടത്ര രൂപത്തിൽ ആനുകൂല്യങ്ങളില്ലാതെ കഷ്ടപ്പെടുകയാണിന്നും. സർവീസിൽനിന്ന് പിരിയുമ്പോഴും സഹപ്രവർത്തകർക്കെങ്കിലും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കട്ടെയെന്ന പ്രാർത്ഥനയാണ് ദാസേട്ടന്.....

42 വർഷക്കാലം തുച്ഛമായ ശമ്പളത്തിൽ നമ്മുടെ ഇടയിൽ നമുക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് നാട്ടുകാരുടെയും കൂട്ടുകാരുടെയും കുടുംബാംഗമായി മാറി ഗ്രാമത്തിന്റെ തപാൽ മുദ്രയായി മാറിയ ദാസേട്ടന് ആശംസകൾ
Previous Post Next Post
Italian Trulli
Italian Trulli