Trending

ഗോതമ്പറോഡില്‍ അപകടം പതിവാകുന്നു; പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി.


ഗോതമ്പറോഡ് : ഗോതമ്പറോഡ് - പുതിയനിടം റോഡില്‍ നിന്നും ആയുര്‍വേദ ആശുപത്രിയിലേക്കുള്ള റോഡില്‍ ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത മൂലം വാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂണിറ്റ് ആവശ്യപ്പെട്ടു.

ആയുര്‍വ്വേദ ആശുപത്രിയിലേക്കുള്ള റോഡും തോണിച്ചാലിലേക്കുള്ള റോഡും ആരംഭിക്കുന്ന സ്ഥലങ്ങളില്‍ ഓവുചാലിന് മുകളില്‍ ജി.ഐ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തിന് മുകളിലൂടെയുള്ള യാത്രയാണ് ജനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കിയിരിക്കുന്നത്. മിനുസപ്രതലത്തില്‍ വഴുതി നിയന്ത്രണംവിട്ട് നിരവധി ബൈക്കുകളും കാല്‍നടയാത്രക്കാരും അപകടത്തില്‍ പെട്ട് പരിക്കേല്‍ക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥി കാല്‍ തെന്നിവീണ് കൈ ഒടിഞ്ഞിരുന്നു. ഒരു വീട്ടമ്മ വഴുതി വീണ് ഭാഗ്യത്തിനാണ് ടിപ്പറിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത്. ഡ്രൈനോജിന് മുകളിലെ മിനുസ പ്രതലം ഒഴിവാക്കുകയും മുകളില്‍ നിന്ന് വരുന്ന മഴവെള്ളം ഒഴുകാനുള്ള ഡ്രൈനേജ് കൂടി നിര്‍മ്മിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സ്ഥലം സന്ദര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

ആയുര്‍വേദ ആശുപത്രിയിലേക്കുള്ള രോഗികള്‍, നാട്ടുകാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ആശ്രയിക്കുന്ന റോഡാണിത്. നൂറുകണക്കിന് ടിപ്പര്‍ ലോറികളും മറ്റു വാഹനങ്ങളും ചീറിപ്പായുന്ന ഈ റോഡില്‍ വന്‍ അപകടമാണ് പതിയിരിക്കുന്നത്.

യൂണിറ്റ് പ്രസിഡന്റ് പി.കെ അശ്‌റഫ്, വൈസ് പ്രസിഡന്റ് കലാഭവന്‍ ബാലു, ബാവ പവര്‍വേള്‍ഡ്, സാലിം ജീറോഡ്, മുജീബ് നീരൊലിപ്പില്‍, ഷഫീഖ് പള്ളിത്തൊടിക, സിദ്ദീഖ് ചാലില്‍, കെ.എസ് മുസ്തഫ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli