Trending

ഒമിക്രോൺ വകഭേദം; നൂറുദിവസത്തിനുള്ളിൽ പുതിയ വാക്‌സിൻ വികസിപ്പിക്കുമെന്ന് ഫൈസറും ബയോൺടെകും


കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ പിടിച്ചുകെട്ടാന്‍ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും. ഒമിക്രോൺ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിൻ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും കമ്പനികള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണിന്റെ വിവരങ്ങൾ കമ്പനി ശേഖരിച്ചുവരികയാണ്.  

കോവിഡിന്റെ, വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്, ആസ്ട്രേലിയ, ജപ്പാൻ, ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗ വ്യാപനശേഷിയുള്ള വൈറസെത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി. ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി.  

കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യസംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Previous Post Next Post
Italian Trulli
Italian Trulli