Trending

വന്യജീവി ആക്രമണം; ജനജാഗ്രതാ സമിതികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍


വനസംരക്ഷണത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. എം.എൽ.എമാർ മുൻകൈയെടുത്ത് ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ജനപ്രതിനിധികളും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതത് തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിച്ച്, അവയെ വെടിവെച്ചുകൊല്ലുന്നതിന് പ്രദേശത്ത് തോക്ക് ലൈസൻസുള്ളവരുടെ പാനൽ തയാറാക്കണം.

ഈ വിവരം റേഞ്ച് ഫോറസ്റ്റ് ഓഫീറെ അറിയിക്കണം. വന്യജീവി ആക്രമണങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനായി വനാതിർത്തികളിൽ നിർമിക്കുന്ന സോളാർ ഫെൻസിങ്ങിന്റെയും കിടങ്ങുകളുടെയും സംരക്ഷണവും പരിപാലനവും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെന്നും ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആദിവാസിഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തണം. തീരുമാനം എടുക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കിയാൽ, അർഹതപ്പെട്ടവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പട്ടയം നൽകുന്ന നടപടികൾ പൂർത്തീകരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ കാടിന്റെ മക്കൾക്കും ലഭ്യമാകണം. അതേസമയം വനത്തിനുള്ളിലെ നിർമാണ പ്രവർത്തനങ്ങൾ വന്യജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് മാനുഷികമുഖം ഉണ്ടാകണമെന്നും മൂന്ന് മാസത്തിലൊരിക്കൽ വനം-റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Previous Post Next Post
Italian Trulli
Italian Trulli